കണ്ണൂർ: നുണകളുടെ ചീട്ടുകൊട്ടാരം നിർമിക്കുന്ന വാസ്തുശിൽപ്പികളായി പ്രതിപക്ഷം മാറിയെന്നും ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ചുന്നയിച്ച് സര്‍ക്കാരിനെ സംശയ നിഴലിലാക്കുക എന്ന ഒറ്റ അജണ്ടയില്‍ ഒതുങ്ങുന്ന പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ ഗൗരവം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന ഏതു നല്ല കാര്യത്തെയും വക്രീകരിക്കാന്‍ ശ്രമിക്കുകയല്ലാതെ ജനങ്ങള്‍ക്കു വേണ്ടി എന്ത് നല്ല കാര്യമാണ് പ്രതിപക്ഷം ചെയ്തിട്ടുള്ളത്? നാടിന്റെ അതിജീവനത്തിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുകയല്ലാതെ എന്ത് മഹാകാര്യമാണ് യുഡിഎഫും ബിജെപിയും സാധ്യമാക്കിയിട്ടുള്ളത്? നാടിനു വേണ്ടിയുള്ള ഒരു നല്ല വാക്ക് ഇവരില്‍ നിന്ന് നാം കേട്ടിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
അഞ്ചുകൊല്ലത്തിലൊരിക്കല്‍ പോളിങ് ബൂത്തില്‍ പോയി സമ്മതിദാനവകാശം രേഖപ്പെടുത്തിയാല്‍ ജനങ്ങള്‍ക്കു പിന്നെ ഭരണത്തില്‍ കാര്യമില്ല എന്ന ധാരണ പൊളിച്ചെഴുതി എന്നതാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയ വലിയ നേട്ടം. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോ വര്‍ഷവും എത്രമാത്രം നടപ്പാക്കി എന്ന് ജനസമക്ഷം പറഞ്ഞാണ് മുന്നോട്ടു പോയത്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി ജനങ്ങളെ തെരഞ്ഞെടുപ്പുഘട്ടമല്ലാത്ത വേളകളില്‍ അറിയിക്കുന്ന പതിവ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ കേരളം എഴുതിച്ചേര്‍ത്ത പുതിയ അധ്യായമാണ്. അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫ് പറയുന്ന വാക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More: കേരളത്തിൽ കോൺഗ്രസ് ജയിക്കും; ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: എ.കെ ആന്റണി
ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. ഈ പ്രചാരണത്തില്‍ തുടക്കം മുതല്‍ ദൃശ്യമാവുന്ന കാര്യം കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വലിയ ഭൂരിപക്ഷം നല്‍കും എന്നതു തന്നെയാണ്. സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല ജനവികാരം നിലനില്ക്കുന്നു. അത് ആരും മനഃപൂര്‍വ്വം സൃഷ്ടിച്ചതല്ല. ജനാഭിപ്രായം സ്വയം രൂപീകരിക്കപ്പെട്ടതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുന്നവരാണ് സംസ്ഥാനത്തെ ആബാലവൃദ്ധം ജനങ്ങളും.
നുണകളുടെ മലവെള്ളപ്പാച്ചില്‍ സൃഷ്ടിച്ചിട്ടും മാധ്യമങ്ങളെ അണിനിരത്തി പടയോട്ടം നടത്തിയിട്ടും എല്‍ഡിഎഫിനെതിരായ ജനവികാരം സൃഷ്ടിക്കാന്‍ ഒരു ശക്തിക്കും കഴിഞ്ഞില്ല. ജനവിധി ബോധപൂർവം അട്ടിമിറക്കാനുള്ള നീക്കങ്ങളും ജനങ്ങള്‍ തള്ളുകയാണ്.
സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, നോട്ടുനിരോധനം പോലുള്ള കേന്ദ്ര നയങ്ങള്‍ ഉണ്ടാക്കിവച്ച ദുരന്തം എന്നിവയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് ഈ അഞ്ചു വര്‍ഷം കേരളം മുന്നോട്ടുനീങ്ങിയത്. ഇതിനിടയില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ എങ്ങനെ തളര്‍ത്താമെന്ന് ഗവേഷണം നടത്തുകയായിരുന്നു പ്രതിപക്ഷമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരളത്തിന്റെ മണ്ണില്‍ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞയെടുത്ത ശക്തികള്‍ നയിക്കുന്ന ഏതാനും മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ ഘടക കക്ഷികളായി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.