തിരുവനന്തപുരം: കെഫോൺ, ലൈഫ് മിഷൻ അടക്കമുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ മെച്ചപ്പെട്ട പ്രവർത്തനമായി വികസന പ്രവർത്തനങ്ങൾ വിശേഷിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രിയ താൽപര്യത്തിന് വിരുദ്ധമാണ് എന്ന നിലപാടെടുത്ത് നാടിന്റെ വികസനം തടയാനുള്ള ശ്രമം നടത്താമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ യശസ് ഉയർത്തുമെന്നത് ചിലർക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. നാടിന്റെ വികസനം ഉറപ്പുവരുത്തക എന്നതാണ് ഏതൊരു സർക്കാരിന്റെ ധർമ്മമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമത്തിനു പിന്നില്‍ ആര്‍എസ്എസ് നേതാവ് രാം മാധവ്: തോമസ് ഐസക്ക്

“കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പങ്കാളികൾ രാഷ്ട്രീയ നേതൃത്വം മാത്രമല്ല. സർക്കാരിന് മികച്ച ഭരണത്തിന് തുടർച്ചയായി അവർഡുകൾ ലഭിക്കുന്നു. അതിന് സാധിക്കുന്നതിന്റെ പങ്ക് രാഷ്ട്രിയ നേതൃത്വത്തിന്റേത് മാത്രമല്ല. വിപുലമായ പങ്ക് ഉദ്യോഗസ്ഥർക്കുള്ളതാണ്. ആ ഉദ്യോഗസ്ഥർക്ക് നേരെ ഇന്ത്യ മഹാരാജ്യത്തെ ഒരു അന്വേഷണ ഏജൻസി ഒഴിച്ച് ബാക്കിയെല്ലാം വട്ടമിട്ട് പറക്കുകയാണ്. എന്നിട്ട് ആ ഉദ്യോഗസ്ഥരെ തുടർപ്രവർത്തനങ്ങളിൽ നിസംഗരാക്ക തരത്തിൽ ഇടപ്പെടുക, എന്താണ് അതിന്റെ ഉദ്ദേശ്യം?” മുഖ്യമന്ത്രി ചോദിച്ചു.

ലൈഫ് പദ്ധതികൊണ്ട് ഗുണം ലഭിക്കുന്നത് പാവപ്പെട്ട അനേക ലക്ഷം ആളുകൾക്കാണ്. എന്തിനാണ് അതിന്റെ മെക്കിട്ട് കേറുന്നതെന്നും അതിന്റെ ചുമതലക്കാരനെ ഒന്നിന് പുറകെ ഒന്നായി വിളിക്കുന്നതെന്നും ചോദ്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കെഫോൺ നാട്ടിലെ യുവതയുടെ പ്രതീക്ഷയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർക്ക് അതിൽ പ്രശ്നമുണ്ടാകുമെന്നും നിശ്ചിപ്ത താൽപര്യം കാണുമെന്നും എന്നാൽ അത് എങ്ങനെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിക്ക് വരുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Also Read: എം.ശിവശങ്കറിനെ ജയിലില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; പ്രതി ചേര്‍ക്കപ്പെട്ടാല്‍ വീണ്ടും അറസ്റ്റ്

“കിഫ്ബിയുടെ ധനമാണ് കെഫോണിന് ഉപയോഗിക്കുന്നത്. കെ ഫോൺ നടപ്പാക്കുന്ന നിർവഹണ ഏജൻസികളോടല്ല കെ ഫോണിനോടാണ് വിയോജിപ്പ്. നിങ്ങളെന്തിന് കെഫോണിന് പോകണം അതിന് വേറെ ആളില്ലെ ഇവിടെ. ആ താൽപര്യം കൊണ്ട് അവിടെ ഇരുന്നാൽ മതി ഇങ്ങോട്ട് വരണ്ട. നിങ്ങളെന്തിന് അതിന് പോകുന്നു, അക്കാര്യം നടത്താൻ ഒരുപാട് സ്വകാര്യ ഏജൻസികളും കുത്തകകളും നമ്മുടെ രാജ്യത്ത് ഉണ്ടല്ലോ? അവർ ചെയ്തോളുമെല്ലോയെന്നാണ് അവർ പരോക്ഷമായി പറയുന്നത്. ഒരു കുത്തകയുടെയും വക്കാലത്തുമായി ഇങ്ങോട്ട് വരണ്ട.”

സർക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് ചൂണ്ടികാണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെ വിമർശിക്കാം. നാടിന്റെ വികസനത്തിന് വേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ അത് സർക്കാരിന്റെ യശസ് ഉയർത്തുന്നത് തങ്ങൾക്ക് ദോഷമാണെന്ന് ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.