scorecardresearch
Latest News

ആര്‍ എസ് എസ് പ്രണയത്തെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

നെഹ്റുവിനെ ആര്‍ എസ് എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍ എസ് എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസിന്റെ നയമെന്ന് അവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan, K Sudhakaran, Jawaharlal Nehru

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്റെ വര്‍ഗീയ മനസിനെയും ആര്‍ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ് എസിനെ വെള്ളപൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത്’ എന്നാണ് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണു ജവഹര്‍ലാല്‍ നെഹ്റു.

ആര്‍ എസ് എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം 1947 ഡിസംബര്‍ ഏഴിനു മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ നെഹ്റു വിശദീകരിച്ചു. ”ആര്‍ എസ് എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്. അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്,” എന്നാണ് അതിൽ പറയുന്നത്.

ആര്‍ എസ് എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍ അകപ്പെടരുതെന്ന് മറ്റൊരു കത്തില്‍ നെഹ്‌റു മുന്നറിയിപ്പ് നല്‍കി. ഗാന്ധിജിയുടെ വധത്തിനു തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി അഞ്ചിു മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ ‘ ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെല്ലുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം,” എന്നാണ് നെഹ്റു എഴുതിയത്.

ഭരണഘടനയുടെ അനുച്‌ഛേദം 370 നെ എതിര്‍ത്ത് 1953 ല്‍ കശ്മീരില്‍ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നുവെന്ന ചരിത്ര വസ്തുത പോലും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്.

കോണ്‍ഗ്രസില്‍ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വര്‍ഗീയ വാദികളും ആര്‍ എസ് എസ് പക്ഷപാതികളുമുണ്ടായിരുന്നു. അത്തരക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയ കോണ്‍ഗ്രസ് നടപടിയില്‍ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖര്‍ജിയെയും ഡോക്ടര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.

തനിക്കു തോന്നിയാല്‍ ബി ജെ പിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍ എസ് എസ് ശാഖയ്ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹര്‍ലാല്‍ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ക്കുണ്ട്.

ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജന്‍ഡയ്ക്കു കളമൊരുക്കിയത്. അന്ന് ആര്‍ എസ് എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്‌റുവാണ്. ആ നെഹ്റുവിനെ ആര്‍ എസ് എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍ എസ് എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസിന്റെ നയമെന്ന് അവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരന്റേത് കേരളത്തിലെ കോൺഗ്രസിനെ ബി ജെ പിയാക്കാനുള്ള ശ്രമം: സി പി എം

കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തിൽ എത്തിക്കുന്നതിനു കെ പി സി സി പ്രസിഡന്റ് കരാറെടുത്തുവെന്നതിന്റെ തെളിവാണ് കെ സുധാകരന്റെ പ്രസ്‌താവനകളെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആർ എസ് എസ് വിധേയത്വം തിരിച്ചറിയണം.

വിഷത്തിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെയും യു ഡി എഫിന്റെയും നിലപാട് വ്യക്തമാക്കണം. ആർഎസ്എസുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. ആർ എസ് എസ് ശാഖകൾക്കു സംരക്ഷണം നൽകിയെന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞു. ഇത്തരം ആർ എസ് എസ് അനുകൂല നിലപാടുകൾ തിരുത്തുന്നതിനു പകരം ജവഹർലാൽ നെഹ്റുവിനെ പോലും വർഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവെന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണു സുധാകരൻ വീണ്ടും പരിശ്രമിക്കുന്നത്.

സ്വയം ബി ജെ പിയിലേക്കു ചേക്കേറുന്ന ശ്രമത്തെക്കാൾ കേരളത്തിലെ കോൺഗ്രസിനെ ബി ജെ പിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണു സുധാകരൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപനമാണു സുധാകരനുമുള്ളത്. ഈ അപകടം തിരിച്ചറിയാൻ കോൺഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യു ഡി എഫിലെ മറ്റു ഘടകകക്ഷികളും തയാറാകണമെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan slams kpcc chief k sudhakaran for his controversial remarks on nehru