തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളുമായി എത്തിയ സർവകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ഭക്ഷ്യവിഹിതം കൂട്ടണം എന്ന ന്യായമായ ആവശ്യം പോലും പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദാംശങ്ങളിലേക്ക് കടന്നുളള ചര്‍ച്ച നടത്താന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പ്രധാനമന്ത്രിയുടെ നിലപാട് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. കേന്ദ്ര സഹായമില്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ല. സർക്കാരുകൾ തുടർച്ചയായി മാറും. പ്രധാനമന്ത്രിയുടെ പ്രതികരണം കേരളത്തിന്റെ പൊതു താൽപര്യത്തിന് എതിരാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘കസ്തൂരി രംഗൻ റിപ്പോർട്ടിലും അനുകൂല നിലപാട് ഉണ്ടായില്ല. എന്ത് വിശദീകരണത്തിനും തയ്യാറായാണ് പോയത്. എന്നാൽ വിശദാശങ്ങളിലേക്ക് കടന്നുള്ള ചർച്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറായില്ല. പ്രധാനമന്ത്രിയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകിയില്ല’, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യമായ പാലക്കാട്ടെ റെയില്‍വെ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായത്. കോണ്‍ഗ്രസ് ഭരണകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതിയാണ് ഇതെന്നും അന്ന് നടത്താതെയിരുന്നതിനെ കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. ഇത് ഞങ്ങളെ അല്‍ഭുതപ്പെടുത്തി. ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന്റെ തുടര്‍ച്ചയായി വരുന്നതാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടുപോലും മറന്നുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ഇത് തികച്ചും അല്‍ഭുതകരമായിരുന്നു.

പാലക്കാട്ട് കോച്ച് ഫാക്ടറി എന്നത് 1980കളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുതന്നതാണ്. എന്നാല്‍, പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദം ശക്തപ്പെട്ട ഘട്ടത്തില്‍ അവിടുത്തെ സമരോത്സുകരെ തണുപ്പിക്കാന്‍ പാലക്കാട്ടെ നിര്‍ദിഷ്ട ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റി പ്രഖ്യാപിക്കുകയായിരുന്നു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പിന്റെ മുമ്പായുള്ള ഘട്ടത്തിലല്ല.

2008-2009ല്‍ അന്നത്തെ റെയില്‍വെ മന്ത്രി ഇതിന്റെ പുനര്‍പ്രഖ്യാപനമാണ് നടത്തിയത്. എങ്കിലും കേരളജനത ആവേശത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് സര്‍വീസസ് സമര്‍പ്പിച്ച ഫീസിബിലിറ്റി റിപ്പോര്‍ട്ട്, സര്‍വെ എന്നിവ നിര്‍ദേശിച്ചതു പ്രകാരം കേരളം കോച്ച് ഫാക്ടറി സ്ഥാപിക്കാനായി 239 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുക കൂടി ചെയ്തു. സ്ഥലം റെയില്‍വെയ്ക്ക് കൈമാറുകയും അവിടെ കേന്ദ്രമന്ത്രി ശിലാസ്ഥാപനം നടത്തുകയും ചെയ്തു. സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നര്‍ത്ഥം. ആ സ്ഥലത്ത് കേന്ദ്രം കോച്ച് ഫാക്ടറി പണിയും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അത് നടക്കില്ലെന്നുള്ള പ്രഖ്യാപനം വന്നത്.

ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ നീതികേടാണ്. 2008-2009ല്‍ ഇവിടേയ്ക്കായി പ്രഖ്യാപിക്കപ്പെട്ട ഫാക്ടറി പിന്നീട് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലേക്ക് മാറ്റിയതും അവിടെ ഉല്‍പാദനം തുടങ്ങിയതും ഇതിനോട് ചേര്‍ത്തുവായിക്കണം. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍പ്രക്രിയയാണ് എന്നത് മനസ്സിലാക്കണം. വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പരിഗണനകള്‍ തടസ്സം സൃഷ്ടിക്കാതെ നോക്കണം.

ഇതിനിടെ റെയില്‍വെ കോച്ച് ഉല്‍പാദനരംഗം കാര്യമായി മുമ്പോട്ടുപോയി. ചെന്നൈയില്‍ അലുമിനിയം കോച്ചുകള്‍ ഉല്‍പാദിപ്പിക്കുന്ന സംവിധാനമുണ്ടാക്കി. മെട്രോ ട്രെയിനുകള്‍ വന്നു. ബയോ ടോയിലറ്റോടുകൂടിയ കോച്ചുകള്‍ വന്നു. കോച്ചുല്‍പാദന രംഗം വലിയ വികസനത്തിലേക്ക് കടന്നപ്പോഴും കേരളം പാടെ അവഗണിക്കപ്പെട്ടു എന്നതിന് ഒരു ന്യായീകരണവുമില്ല. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്. അതാണ് ചെയ്തത്. തികച്ചും ന്യായമായ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായത്. പിണറായി വിജയൻ വ്യക്തമാക്കി.

കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം കേരളത്തില്‍ രൂപപ്പെട്ടത്. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് കേരളം ശ്രദ്ധതിരിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ വിദേശനാണ്യ ശേഖരത്തിലേക്ക് വന്‍തോതില്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഇത്തരമൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടുവന്നത്.

കേന്ദ്രവും കേരളവും പരസ്പരം യോജിപ്പോടെ രൂപപ്പെടുത്തിയ ഈ പദ്ധതിയാണ് സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കുന്നതിലൂടെ ഇല്ലാതായത്. അതുകൊണ്ടുതന്നെ ഏതു നിയമം വന്നാലും കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്.

കേരളത്തില്‍ നിലവിലുള്ള സംവിധാനത്തില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് റേഷന്‍ നല്‍കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് മുറിച്ചുകടക്കാന്‍ കേന്ദ്രസംഭരണിയില്‍നിന്ന് കൂടുതല്‍ അരി ലഭിക്കേണ്ടതുണ്ട് എന്നു പറഞ്ഞപ്പോള്‍ അത് പറ്റില്ല എന്ന നിലപാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടത്.

കേരളജനതയുടെ ജീവിതസന്ധാരണത്തിന് അത്യന്താപേക്ഷിതമായ ഈ പ്രശ്‌നത്തില്‍ തികച്ചും നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

90കളില്‍ 24 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കിട്ടിയിടത്ത് 2016ല്‍ 14.25 ലക്ഷം മാത്രമാണ് കിട്ടിയത്. ജനസംഖ്യ ഉയര്‍ന്നു, മറ്റ സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികള്‍ വന്നു. ഇതിനൊക്കെ അനുസരിച്ച് ഭക്ഷ്യവിഹിതം കൂടേണ്ടിടത്ത് അത് കുത്തനെ കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം തികച്ചും ന്യായമായ ഒന്നാണ്. കേരളത്തിലെ പൊതുസ്ഥിതി വിലയിരുത്തുമ്പോഴും ഇക്കാര്യം വ്യക്തമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.