തിരുവനന്തപുരം: ശബരിമലയില്‍ സംഘപരിവാര്‍ കലാപം സൃഷ്ടിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ പിടിച്ചെടുക്കാമെന്ന സംഘപരിവാറിന്റെ മോഹം വെളിച്ചത്തായെന്നും അദ്ദേഹം വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.

‘ദുരുദ്ദേശ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടവരെ സ്വാഭാവികമായി തടയേണ്ടതുണ്ട്. തടഞ്ഞത് നേരത്തെ ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരെയാണ്. യഥാര്‍ത്ഥ ഭക്തരെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാനുളള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയത്. സാധാരണ ഹരിവരാസനം പാടി നട അടച്ചാല്‍ പരിപാടികള്‍ അവസാനിക്കും. പക്ഷെ നട അടച്ച ശേഷവും സന്നിധാനത്ത് ബഹളമുണ്ടാക്കുകയാണ് ചെയ്തത്. ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കണമെന്നാണ് സംഘപരിവാര്‍ ശ്രമം. ഈയൊരു രീതിയാണ് അവിടെ ഉണ്ടായത്. ഭക്തരാണ് എന്ന് അവകാശപ്പെട്ടവരെല്ലാം സംഘപരിവാറിന്റെ നേതാക്കളാണെന്ന് വ്യക്തമായി. എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചുമതലയുളള നേതാവ് പിടിയിലായി. തൃശൂര്‍ സ്വദേശിനിയായ ഭക്തയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് ഇയാളാണെന്ന് തെളിഞ്ഞു,’ മറ്റ് കാര്യവാഹകരുടെ പേരുകളും സ്ഥാനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.

അറസ്റ്റിലായ ബിജെപി, എബിവിപി, ഹിന്ദു ഐക്യവേദി നേതാക്കളുടെ പേരുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവരുടെ പേരില്‍ പല സ്റ്റേഷനുകളിലും കേസുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇത്തരക്കാര്‍ വനത്തിലൂടെയാണ് ശബരിമലയിലെത്തുന്നത്. ഇത്തരക്കാര്‍ എങ്ങനെയാണ് ശബരിമലയിലെത്തുന്നത് എന്ന സര്‍ക്കുലര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട സര്‍ക്കുലറിലൂടെ സംഘര്‍ഷമുണ്ടാക്കാനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. 41 ദിവസം വ്രതം അനുഷ്ഠിച്ച് എത്തുന്ന നേതാക്കളല്ല ഇവരെന്ന് ജനങ്ങള്‍ക്ക് അറിയാം. ശബരിമല പിടിച്ചെടുക്കാനെത്തുന്ന കര്‍സേവകരായാണ് ഇവരെത്തുന്നത്. വന്‍ ഗൂഢപദ്ധതിയാണ് പുറത്തുവന്നത്. സംഘപരിവാറിന്റെ ഇത്തരം അജണ്ട നേരത്തേ തന്നെ പുറത്തു വന്നതാണ്. ശ്രീധരന്‍പിളളയുടെ ഇതൊരു സുവര്‍ണാവസരമാണെന്ന പ്രസംഗം പുറത്തുവന്നതാണ്. അതില്‍ ഉദ്ദേശിക്കുന്ന കാര്യത്തിനാണ് അവര്‍ ശ്രമിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായുളള സമരമല്ല ഇതെന്ന് ശ്രീധരന്‍പിളള പറഞ്ഞതാണ്. നിങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി പാവപ്പെട്ട ഭക്തരെ ബലിയാക്കരുത്. അവരെ ഉപദ്രവിക്കരുത്. രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമുക്ക് നേരിട്ടാകാം. സെക്രട്ടറിയേറ്റിന് മുമ്പിലോ മറ്റോ രാഷ്ട്രീയപരമായി നേരിടാം. ശബരിമലയില്‍ അല്ല സമരം നടത്തേണ്ടത്. അയ്യപ്പഭക്തരെ നിങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തരുത്. വിശ്വാസത്തിന്റെ പ്രശ്നമല്ലെന്ന് വ്യക്തമാവുകയാണ്. രാഷ്ട്രീയ അജണ്ടയാണ് ഇവരെ നയിക്കുന്നത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ദിവസം ബിജെപി നേതാവ് രണ്ട് തവണ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. അദ്ദേഹമാണോ ഭക്തന്‍. വസ്ത്രം സ്വയം വലിച്ച് കീറി പൊലീസ് കീറിയതാണെന്ന് പറയുന്നു. പൊലീസ് നെഞ്ചത്ത് ചവിട്ടുന്ന ദൃശ്യം കൃത്രിമമായി ഉണ്ടാക്കി കലാപത്തിന് ശ്രമിച്ചു,’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.