കോഴിക്കോട്: താന്‍ പോലും ആചാരങ്ങള്‍ അനുസരിച്ചാണ് ശബരിമലയില്‍ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ അമ്പലത്തില്‍ പോകുന്ന ആളല്ലാതിരുന്നിട്ടും ശബരിമലയില്‍ പോയപ്പോള്‍ ആചാരമെല്ലാം അനുസരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് എല്‍ഡിഎഫ് വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആചാരങ്ങളെ ബഹുമാനിച്ചാണ് ഞാന്‍ ശബരിമല സന്ദര്‍ശിച്ചത്. ഇരുമുടി തലക്കെട്ടുമായേ പതിനെട്ടാം പടികയറാവൂ എന്നതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് ഞാന്‍ പോയത്. ഭക്തരെയാണ് ഇവര്‍ അക്രമിക്കുന്നത്. സന്നിധാനം എന്ന പരിമിതി പൊലീസിനുണ്ടായിരുന്നു എന്നത് വസ്തുതയാണ്. സവര്‍ണമേധാവിത്വം പണ്ടുമുതലേ നല്ല നിലയിലല്ല ശബരിമലയെ കാണുന്നത്. അവര്‍ക്ക് ശബരിമലയുടെ കാര്യത്തില്‍ ഒരു പ്രത്യേക അജണ്ടയുണ്ട്. എല്ലാവിഭാഗം ജനങ്ങളും ശബരിമലയില്‍ എത്തുന്നതാണ് ഇതിന് കാരണം. ശബരിമലയുടെ പവിത്രത സൂക്ഷിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും ഒട്ടും താത്പര്യമില്ലാത്തതിനാല്‍ പൊലീസ് സംയമനം പാലിച്ചാണ് നീങ്ങിയത്,’ മുഖ്യമന്ത്രി പറഞ്ഞു.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

‘ശ്രീധരന്‍ പിള്ളയെ പോലുള്ള ആളുകളില്‍ നിന്ന് ഉപദേശം വാങ്ങിയാല്‍ തന്ത്രിമാര്‍ പെടുന്ന പാട് എത്രയാണെന്ന് ആലോചിക്കണം. ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ കേരള ജനതയെ ഭിന്നിപ്പിച്ച് അടിത്തറ വികസിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ബിജെപി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഇക്കാര്യം പരസ്യമാക്കിയതോടെ ആര്‍ക്കും അതില്‍ സംശയമില്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയും എല്‍ഡിഎഫും മാത്രമാണ് ഈ സമരം കഴിയുമ്പോള്‍ ബാക്കിയുണ്ടാവുക എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞപ്പോള്‍ ആ പൂതി മനസിലിരിക്കട്ടെയെന്ന് പറയാന്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായില്ല. രാഹുല്‍ ഗാന്ധി ശബരിമല വിധിയെ അനുകൂലിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ തൊലിക്കട്ടിയെക്കുറിച്ച് ആലോചിക്കണമെന്ന് പിണറായി പരിഹസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.