തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സമൂഹത്തിലെ എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ പെടുമെന്ന് ഉറപ്പിക്കാവുന്നതാണ്. നേരത്തേയുള്ള ഡിജിപിയോടും ഇപ്പോൾ തുടരുന്ന ഡിജിപിയോടും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പൊലീസ് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ്. അതിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനനുവദിക്കുക എന്നതാണ് ഒരു സര്‍ക്കാരിന്റെ ചുമതല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതാണ് ഈ സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“ക്രമസമാധാനരംഗത്ത് കേരളത്തിന് ലഭിക്കുന്ന അംഗീകാരങ്ങളും ജനപിന്തുണയും ഈ നിലപാട് കൊണ്ടാണ് ഉണ്ടാകുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നിലപാട്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. എല്ലാത്തരം ദുഃസ്വാധീനങ്ങളില്‍ നിന്നും മോചിപ്പിച്ച് സുശക്തമായ ഒരു പൊലീസ് സേനയെ സജ്ജമാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

“സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സമ്പത്തോ സ്വാധീനമോ ഉപയോഗിച്ച് നിയമത്തിന്റെ പിടിയില്‍ നിന്നും ആര്‍ക്കും രക്ഷപെടാനാകില്ല. മനഃപൂര്‍വം ആരെയും പ്രതിയാക്കുന്ന ഒരു സമീപനവും ഉണ്ടാകില്ല,” അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, കേസിൽ ഗൂഢാലോചനയില്ലെന്ന് പിണറായി നേരത്തെ പറഞ്ഞതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.