scorecardresearch

'ഒരേതരം യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; പുരോഗമന സ്വഭാവുമുള്ള സമൂഹ നിര്‍മ്മിതിയാണ് ലക്ഷ്യം'

ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan , PRD

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍് മേഖലാ യോഗങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ, വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മഖ്യമന്ത്രി നിര്‍ദേശിച്ചു.

Advertisment

ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്രനിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

"പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്," മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് തികഞ്ഞ ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ആണ്‍കോയ്മ വ്യവസ്ഥ എന്നിവ സമൂഹ മനഃസ്ഥിതിയില്‍ പരിവര്‍ത്തനമുണ്ടായാലേ മാറുകയുള്ളൂ. ഇതിന് വിഘാതം നില്‍ക്കുന്ന പ്രസ്താവനകള്‍ ചില കേന്ദ്രങ്ങളില്‍നിന്നും ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment
Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: