തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ പരിഗണന കിട്ടാത്തതിനെതിരെ കേരളം കേന്ദ്രത്തെ സമീപിക്കും. കേരളം മുന്നോട്ട് വച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത സാഹചര്യത്തില്‍ ബജറ്റിന് പുറത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.

ബജറ്റില്‍ തഴഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തോട് അനുഭാവം കാട്ടാത്ത ബജറ്റാണ് കേന്ദ്രത്തിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എയിംസ് അടക്കമുള്ള വാഗ്‌ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വിലവര്‍ധനവ്. ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Read More: Budget 2019 Explained: കേന്ദ്ര ബജറ്റ്: ഭവന വായ്‌പകൾക്ക് നികുതിയിളവ്

ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്‌യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്‍റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ കേരളത്തിനുമേല്‍ ഭാരം അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.