തിരുവനന്തപുരം: സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ വ്യവസായികൾ അവരുടെ മനസിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്റെ പേരിൽ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്ന് വിവാദങ്ങൾ ഉണ്ടാക്കുന്നവർ മറക്കരുത്,” മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെതിരേ ഉയർന്ന സ്പ്രിൻക്ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ലോക്ക്ഡൗൺ ഇളവുകളേക്കാൾ പ്രധാനം മനുഷ്യന്റെ ജീവൻ സംരക്ഷിക്കലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. നാട്ടുകാർക്ക് ഇളവുകൾ വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ ഏറ്റവും പ്രധാനം മനുഷ്യന്റെ ജീവൻ സംരക്ഷിക്കുക എന്നതാണ്. കാര്യങ്ങൾ കൈവിട്ടുപോയാൽ ആർക്കും നിയന്ത്രിക്കാനാവില്ല. അപ്പോൾ അതൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. ഇതെല്ലാം കണക്കിലെടുത്ത് ഇളവുകൾ നൽകണമെന്നാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ സമീപനം ദൗർഭാഗ്യകരം
കോവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്രത്തിന്റെ സമീപനം നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിനനുസരിച്ച് സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഉണ്ടായിട്ടില്ല. അത് നിർഭാഗ്യകരമാണ്. ഈ ഘട്ടത്തിൽ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്ത സമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കേണ്ടത്. അതിലുളള കുറവുകൾ അതിവേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. അതിപ്പോൾ തന്നെ വൈകിപ്പോയി എന്നുളളതാണ് വസ്തുത. ഫലപ്രദമായ തിരുത്തൽ നടപടി കേന്ദ്ര ഗവൺമെന്റിൽ നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് വരണമെന്ന് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിൽ ചില നടപടികൾ ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്നുവെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കേരളം കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഏതു സമയത്ത് ആളുകൾ വന്നാലും ഇവിടെ എല്ലാം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധനാ സംവിധാനമുണ്ട്. ക്വാറന്റൈൻ ചെയ്യേണ്ടവരെ ക്വാറന്റൈൻ ചെയ്യാനും വീട്ടിലെത്തിക്കേണ്ടവരെ വീട്ടിലെത്തിക്കാനും കഴിയും. ആശുപത്രിയിൽ ചികിത്സ വേണ്ടിവരുമെങ്കിൽ അതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ്; ജാഗ്രത പുലർത്താൻ നിർദേശം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ അതീവ ഗുരുതരമായി ബാധിക്കും
കോവിഡ് കാരണം അന്താരാഷ്ട്രതലത്തിലുണ്ടാവുന്ന പ്രതികൂലാവസ്ഥ സംസ്ഥാനത്തെ അതീവ ഗുരുതരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധാരാളം പേർ ഒട്ടേറെ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. അവരെയെല്ലാം ഇത് ബാധിച്ചാൽ പലരും തിരിച്ചുവരേണ്ടി വരും. അങ്ങനെയൊരു സാഹചര്യം വന്നാൽ അത്തരം ആളുകളെ പുനരധിവസിപ്പിക്കേണ്ടിവരും. അതിന് ഉതകുന്ന സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കണം. കൃത്യമായ പുനരധിവാസ പാക്കേജ് കേന്ദ്ര സർക്കാരിനുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെയുള്ള സ്ഥാപനങ്ങൾ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് . അതിന്റെ ഭാഗമായി വ്യവസായ പ്രമുഖരുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. സിഐഐയുമായും ചർച്ച നടന്നിട്ടുണ്ട്. കേരളത്തിലെ പ്രമുഖ വ്യവസായികളുമായി വീണ്ടും ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ വ്യവസായികളെ കയ്യൊഴിയുന്ന നിലപാടല്ല സർക്കാർ എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ കഴിവ് പ്രയോജനപ്പെടുത്തും
കോവിഡ് കഴിയുമ്പോൾ വരുമ്പോൾ നമ്മുടെ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുവരാൻ പോകുകയാണ്, അവരുടെ അനുഭവം, അറിവ്, വൈദഗ്ധ്യം ഇതൊക്കെ നമുക്ക് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. മറ്റൊരു കാര്യം, കോവിഡിന്റെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ പല രാജ്യങ്ങളിലും വലിയ മാറ്റമുണ്ടാകാൻ ഇടയുണ്ട്. പലരും അവരുടെ സ്ഥാപനങ്ങൾ സുരക്ഷിതമായ സ്ഥാനത്ത് തുടങ്ങണമെന്ന് സ്വാഭാവികമായും ആഗ്രഹിക്കും.
അങ്ങനെ ചിന്തിക്കുന്നവർക്ക് സുരക്ഷിതമായ സ്ഥാനം കേരളമാണെന്ന് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ആ സാധ്യത കൂടി നമുക്ക് വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറും. ഇതിനൊരു കാര്യം വേണം. അനാവശ്യമായ തർക്കങ്ങളും വിവാദങ്ങളും അവസാനിപ്പിക്കണം. അതൊക്കെ ഇങ്ങോട്ടുവരാനും മുതൽമുടക്കാനും ആഗ്രഹിക്കുന്നവരുടെ മനംമടുപ്പിക്കും. നമ്മുടെ സാധ്യത ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് ഇത്തരം വിവാദങ്ങൾ തടസ്സമാകും. ഇത് പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.