ലൈഫ് മിഷനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തിയവര്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണെന്നും അവര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭത്തെ തെറ്റായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സാമ്പത്തികശേഷി കൊണ്ട് വീട് നിര്‍മിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ വഴി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി വിധിയില്‍ അഹങ്കാരമോ അമിതമായ ആവേശമോ ഇല്ലെന്ന് പറഞ്ഞ അദ്ദേഹം കോടതി വാദം കേള്‍ക്കാനും വിധി പ്രസ്താവിക്കാനും ബാക്കിനില്‍ക്കേ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും പറഞ്ഞു. എന്നിരിക്കിലും പൊതുമണ്ഡലത്തില്‍ അനാവശ്യപ്രചരണവും ആരോപണങ്ങളുടെ ധൂമപടലങ്ങളും ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി നിയമത്തിന്‍റെ വകുപ്പുകളെ വിശദമായി പ്രതിപാദിച്ച ഹൈക്കോടതിയുടെ വിധിയില്‍ അടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഖണ്ഡിക 15 ല്‍ ലൈഫ് മിഷന്‍ വിദേശ സംഭാവന സ്പോണ്‍സറില്‍ നിന്നും നേരിട്ട് വാങ്ങിയിട്ടില്ല എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. എഫ് സി ആര്‍ എ ആക്ടിന്‍റെ വകുപ്പ് (3) വിശദമായി പരിശോധിച്ച ഹൈക്കോടതി കൃത്യമായി പ്രതിപാദിച്ചിട്ടുള്ളത് ലൈഫ് മിഷനോ, ബില്‍ഡര്‍മാരോ വകുപ്പ് (3) ലെ വിവരണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ്.
ഖണ്ഡിക 18ല്‍ ബഹു: ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുള്ളത് എഫ് സി ആര്‍ എ യുടെ വകുപ്പുകളോ, ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ന്യായീകരിക്കുന്നില്ല എന്നാണ്. ഹൈക്കോടതി വിധിയുടെ ചില പ്രസക്ത ഭാഗങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്: സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ
“ഒരു വീട് എന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ഥ്യമാക്കാന്‍ ശേഷിയില്ലാത്തവര്‍ക്കാണ് കൂടുതല്‍ ബോധ്യപ്പെടുക. അത്തരം ആളുകള്‍ക്ക് സൗജന്യമായി ഒരു വീട് ലഭിക്കുമ്പോഴുള്ള സന്തോഷം നമുക്ക് വിവരിക്കാന്‍ കഴിയില്ല.
ഈ പദ്ധതിയില്‍ വളരെ സുപ്രധാനമായ ഒരു ചടങ്ങ് ഇന്ന് നടന്നു. 1983 മുതല്‍ 1987 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. പി. കെ. വേലായുധന്‍റെ ഭാര്യ ശ്രീമതി. ഗിരിജക്ക് ലൈഫ് മിഷനിലൂടെ ഒരു വീട് നല്‍കാന്‍ സാധിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്ത് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് അവര്‍ക്കു നല്‍കി. അതിന്‍റെ താക്കോല്‍ ദാനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.