തിരുവന്തപുരം: എൽഡിഎഫ് സർക്കാരിന് യശസ് വർധിക്കുന്നത് സഹിക്കാൻ പറ്റാത്തവർ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഉപജാപങ്ങളുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമെന്ന് അതിന്റെ ഭാഗമായി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“കേരളത്തിൽ എൽഡിഎഫ് സർക്കാരിന് യശസ് വർധിക്കുന്നത് ചിലർക്ക് സഹിച്ചില്ല. അത് രാഷ്ട്രീയമായി എതിരിടാൻ അവർക്ക് പറ്റില്ല. ഇതിനായി ഉപജാപങ്ങൾ നടത്തുന്നു. ഇപ്പോഴത്തെ ഭരണം പഴയ ഭരണം പോലാണെന്ന് പ്രചരിപ്പിക്കുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലാണെന്ന് പ്രചരിപ്പിക്കുകയാണ്,” വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Read More: മുഖ്യമന്ത്രി കസേരയിൽ നിന്നു മാറ്റണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണമെന്ന് പിണറായി; മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം

“ഞാൻ എണ്ണിപ്പറയണോ. ഓരോന്നും എന്തായിരുന്നെന്ന്. പഴയത് എന്തായിരുന്നെന്ന്. ആ വൃത്തികെട്ട കഥകളിലേക്ക്. ആ നിലയിലേക്കാണ് ഇന്നത്തെ കേരളത്തിലെ മുഖ്യമന്ത്രിയും ഓഫീസും പോവുന്നതെന്ന് ചിത്രീകരിക്കുകയാണ് ഇപ്പോൾ,” മുഖ്യമന്ത്രി പറഞ്ഞു. പഴയ മുഖ്യമനമ്ത്രിയുടെ ഓഫീസ് പോലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസും എന്ന വിലയിരുത്തലുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.

അപകീർത്തിപ്പെടുത്താൻ എങ്ങനെ സാധിക്കുമെന്നതിലും പ്രൊഫഷണലിസം ഉപയോഗിക്കുകയാണ്. അതിന്റെ ഭാഗമാവാൻ കുറച്ച് മാധ്യമങ്ങളും തയാറായിട്ടുണ്ട്. സ്വർണക്കടത്തിന്റെ പ്രശ്നം ഇതിനായി ഉപയോഗിച്ചു. വാർത്ത വന്ന ആദ്യ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്നും ഓഫീസിൽനിന്ന് പ്രതികളെ വിട്ടയക്കാൻ വിളിച്ചുവെന്നും ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അങ്ങനെ ഏതെങ്കിലും സംശയം എങ്ങനെയുണ്ടായി. വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി ഉണ്ടായതാണ് അത്.

Read More: കരിപ്പൂരിലും രാജമലയിലും വിവേചനമില്ല, രാജമലയിലെ നഷ്ടപരിഹാരം ആദ്യ ഘട്ടം: മുഖ്യമന്ത്രി

ആ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി ചില മാധ്യമപ്രവർത്തകരും പ്രവർത്തിച്ചു. നിങ്ങൾ കൊടുത്ത വാർത്തകളുടെ അടിസ്ഥാനത്തിലല്ല ജനങ്ങൾ ചിന്തിക്കുന്നത്. ജനങ്ങൾ എല്ലാ കാര്യവും ശരിയായി മനസിലാക്കുന്നുണ്ട്. അതിൽ തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നൊയാണ് നിങ്ങൾ തെറ്റായി വാർത്ത കൊടുക്കുമ്പോഴും ബോധപൂർവം തെറ്റിധരിപ്പിക്കുമ്പോഴും ഒരു മനചാഞ്ചല്യവുമില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംബന്ധിച്ചും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് എങ്ങനെയാണ് ഭരണത്തിൽ സ്വാധീനമുണ്ടെന്ന് പറയാനാവുകയെന്ന് അദ്ദേഹം ചോദിച്ചു.

“അവരുണ്ടായിരുന്നത് ഈ പറയുന്ന യുഎഇ കോൺസുലേറ്റിലല്ലേ. ആ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നില്ലേ. ആ കോൺസുലേറ്റ് യുഎഇയുടെതല്ലേ. ‌യുഎഇയുടെ ചാരിറ്റി ഓർഗനൈസേഷനല്ലെ ഇത്. ആ ചാരിറ്റി ഓർഗനൈസേഷൻ നേരിട്ട് നടത്തുന്ന ഒരു പ്രവൃത്തി ആ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥയോ അല്ലെങ്കിൽ ഏതാനും ആളുകളോ ആരായാലും ശരി അവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ നമുക്ക് എന്താ ചെയ്യാൻ പറ്റുക.

അവർ നേരിട്ട് നടത്തുന്ന കാര്യങ്ങളല്ലേ. എന്നാൽ നമ്മുടെ നാട്ടിൽ നമ്മുടേതായ ഒരു പദ്ധതിയുടെ ഭാഗമായി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ കാര്യങ്ങൾ എന്താണെനന്ന് മനസ്സിലാക്കി എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കും, അതാണ് ഞാൻ പറഞ്ഞത്, ” മുഖ്യമന്ത്രി പറഞ്ഞു

തന്റെ യുഎഇ സന്ദർശനത്തിന് മുൻപ് സ്വപ്ന സുരേഷും ശിവശങ്കറും യുഎഇയിലേക്ക് പോവുകയും റെഡ്ക്രോസുമായി ചർന്ന നടത്തുകയും ചെയ്തെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. അത്തരം ഒരു കാര്യമുണ്ടായതായി അറിയില്ല. ങ്ങനെ സംഭവിക്കാൻ സാധ്യതയില്ല.

Read More: പ്രതിപക്ഷം മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ആകരുത്: എ.കെ.ബാലൻ

അന്വേഷണത്തിന്റെ ഭാഗമായി നടുക്കുന്ന കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി നടക്കട്ടേ എന്നാണ് കരുതേണ്ടത്. അല്ലാതെ ചൂണ്ടിക്കാട്ടുന്ന പണിയല്ല മാധ്യമങ്ങൾ എടുക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇതാ ഇയാളെ ഒന്ന് നോക്ക്, വിളിക്ക്, തെളിവെടുക്ക് എന്നത് അന്വേഷണ ഏജൻസികൾ ചെയ്യേണ്ട കാര്യമാണ്. ഏതെങ്കിലും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയല്ല ചെയ്യേണ്ടത്. ഇവിടെ അത് നടന്നില്ലേ. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണം ഉന്നയിച്ചില്ലേ. അത് മാധ്യമ ധർമമാണോ?. മാധ്യമങ്ങൾ ഒരു കാര്യവും ഉൾക്കൊള്ളാൻ തയാറല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിലെ മുഖ്യമന്ത്രി തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്നയാളാണെന്ന് സ്ഥാപിക്കുകയാണ്. ഇതിനായി ഒരു സംഘം ഇറങ്ങിത്തിരിച്ചു. ആ സംഘത്തിന്റെ ജോലിയാണ് മാധ്യമപ്രവർത്തകർ ചെയ്യുന്നത്. ഇതിന് ചില വക്താക്കളെ ആ സംഘം ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.