തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ വിവാദങ്ങൾക്ക് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ഇതേകുറിച്ചുള്ള ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി അതിരൂക്ഷമായി പ്രതികരിച്ചത്. മാധ്യമങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു.
എൻഐഎ കോടതിയിൽ അറിയിച്ച കാര്യങ്ങൾ പല മാധ്യമങ്ങളും വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെയും തന്റെ ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Also Read: സ്വർണക്കടത്ത്: സ്വപ്ന സുരേഷിന്റെ ജാമ്യഹർജി വിധി പറയാൻ മാറ്റി
“നിന്ദ്യമായ മാധ്യമധർമമാണ് ചിലർ നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ സർക്കാർ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎ അന്വേഷിക്കട്ടെ. സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരട്ടെ. നേരത്തെ പറഞ്ഞ കാര്യം ഇപ്പോഴും ആവർത്തിക്കുന്നു; കാത്തിരിക്കൂ, സത്യങ്ങൾ പുറത്തുവരുമ്പോൾ ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് നമുക്ക് കാത്തിരിന്ന് കാണാം,” മുഖ്യമന്ത്രി പറഞ്ഞു.
Also Read: രാജമല ദുരന്തം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ധനസഹായം പ്രഖ്യാപിച്ചു
മാധ്യമങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിച്ചു. “സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്ന് വരുത്തുകയാണോ നിങ്ങളുടെ ആവശ്യം? എന്തും വിളിച്ചു പറയാമെന്നാണോ? അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പല മാധ്യമങ്ങളും ഉന്നയിക്കുന്നത്. മാധ്യമങ്ങളെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് മറ്റു ചിലരാണ്. ഞാൻ ഈ കസേരയിൽ നിന്നു ഒഴിഞ്ഞുകിട്ടണമെന്നാണ് അവരുടെ ആഗ്രഹം. എന്നെ ഈ കസേരയിൽ നിന്നു മാറ്റാൻ ജനങ്ങൾ തീരുമാനിക്കണം” മുഖ്യമന്ത്രി പറഞ്ഞു.