തിരുവനന്തപുരം: തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് പകരമായി ഏത് സാഹചര്യത്തിലാണ് വിമർശനം ഉന്നയിച്ചവരെ കൈകാര്യം ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതെന്ന് മുഖ്യമന്ത്രി. തന്റെ പത്ര സമ്മേളനങ്ങളിൽ ഒരിക്കലും ഒരു മാധ്യമപ്രവർത്തകനെതിരെയും വ്യക്തിപരമായി അക്രമണം ഉണ്ടായിട്ടില്ല. അത്തരത്തിലൊരു സംസ്കാരമല്ല ശീലിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“എനിക്കെതിരായി ആക്ഷേപം ഉന്നയിക്കുന്നത് ഒരു തവണയല്ല, എത്രയോ കാലമായി. അത് സാധാരണ ഗതിയിൽ നിലവാരം വിട്ടുള്ള സാഹചര്യവുമുണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ ആർക്കും വ്യക്തിപരമായി എന്തെങ്കിലും വിഷമം എന്റെ ഭാഗത്തുനിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്തുനിന്നോ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? അത്തരത്തിലൊരു സംസ്കാരമല്ല ശീലിച്ചിട്ടുള്ളത്.” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയാകുന്നതിനുള്ള മുമ്പുള്ള വിമർശനങ്ങളെ ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയ്ക്ക് മേലെയുള്ളതായാണ് കാണുന്നത്. ഇന്ന് നിങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തെ കണ്ടുകൊണ്ടുള്ള വിമർശനമായും കാണും. എന്നാൽ തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് എത്തുമ്പോഴുള്ള ചിലരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു വഴിതിരിച്ച് വിടലായപ്പോഴാണ് കഴിഞ്ഞ ദിവസം അത്തരത്തിൽ പറഞ്ഞതെന്നും മുഖ്യമന്ത്രി.

Also Read: വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല, മാധ്യമങ്ങൾക്ക് പിന്തുണ

“നിങ്ങൾ ഉയർത്തിയ വിമർശനങ്ങൾക്ക് പകരമായി നിങ്ങളെ കൈകാര്യം ചെയ്ത് കളയാമെന്ന നിലയിലേക്ക് ഒരിക്കലും എത്തിയിട്ടില്ല.”

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമ പ്രവർത്തകർക്കെതിരെ വ്യക്തിപരമായി അക്രമണം നടത്തുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അത്തരത്തിലൊരു സൈബർ അക്രമണം താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ് സെക്രട്ടറിയും ഒരു മാധ്യമപ്രവർത്തകനാണെന്നും നിങ്ങൾ തമ്മിലുള്ള സംവാദങ്ങൾ ആരോഗ്യപരമായി നിങ്ങൾ തന്നെ നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റും വിജിലൻസും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണങ്ങളെയും അദ്ദേഹം പരിഹസിച്ചു. രമേശ് ചെന്നിത്തല ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ വരെ ആരോപണം ഉന്നയിക്കുന്നുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന കാണുമ്പോൾ തോന്നുന്ന ഒരു സംശയം. ആർഎസ്എസുകാരന്റെ കേസ് പിൻവലിച്ച് തന്റെ വകുപ്പല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെ വകുപ്പായിരുന്നു. മുഖ്യമന്ത്രിയെന്ന വകുപ്പ് തന്നെ അദ്ദേഹത്തിന് പ്രശ്നമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.