തിരുവനന്തപുരം: ശബരിമലയില്‍ നേരത്തെയുളള വിധി അതേപടി നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറന്ന കോടതിയില്‍ കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ വിധി സ്റ്റേ ഇല്ലെന്ന് പറഞ്ഞതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് മറ്റൊരു അര്‍ത്ഥം ഉണ്ടെങ്കില്‍ നിയമവിദഗ്‌ധരുമായി ആലോചിച്ച് മാത്രമേ പ്രതികരിക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ പ്രായഭേദമന്യേയുളള സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സുപ്രീം കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും മറ്റും ആലോചിച്ച ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. സുപ്രീം കോടതിയുടെ വിധി ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല. വിധി നിലനില്‍ക്കും. റിവ്യൂ ഹർജികള്‍ക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് റിവ്യൂ ഹർജികള്‍ പരിഗണിച്ചത്. 49 പുനഃപരിശോധന ഹർജികളാണ് കോടതിയിലെത്തിയത്.