സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടയുള്ള ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ വർഗീയവാദത്തിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സി പി എമ്മിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ നിയമസഭയിലാണ് സി പി എം ഉന്നയിച്ച ഗുരുതരമായ ആരോപണത്തെ തള്ളി മറുപടി നൽകിയത്.
മുസ്‌ലിങ്ങൾക്കിടയിൽ വർഗീയതയും തീവ്രവാദ പ്രവർത്തനവും നടത്തുന്നതിന് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആകർഷിക്കുന്ന പ്രവർത്തനം നടക്കുന്നുവെന്നാണ് സി പി എം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണം. എന്നാൽ, ഇങ്ങനെയൊരു കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
“വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവജനങ്ങളെ ആകർഷിക്കുന്നതിനായുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ നടന്നുവരുന്നുണ്ട്. പ്രൊഫഷണൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥി മുന്നണിയും യുവജനമുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്” എന്നാണ് പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനത്തിനുള്ള ഉദ്ഘാടനക്കുറിപ്പിനുള്ള ലഘുപുസ്തകത്തിലെ 29 ആം പേജിൽ വ്യക്തമാക്കിയിട്ടുള്ളത്.
ജമാ അത്തെ ഇസ്‌ലാമി അവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന മാധ്യമം പത്രം, അവർ നേതൃത്വം നൽകുന്ന വെൽഫെയർ പാർട്ടി എന്നിവയെയും വിമർശിച്ചുകൊണ്ടുള്ള പരാമർശങ്ങൾക്കൊപ്പമാണ് ഈ ആരോപണവും ഉന്നയിച്ചിട്ടുള്ളത്.
Also Read: പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ അനധികൃത തടയണ പൊളിച്ചില്ല: കലക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി
സി പി എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന പാർട്ടി ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിലുള്ള കുറിപ്പിൽ ഉന്നയിച്ച വാദത്തെയാണ് സി പി എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടയുള്ള ക്യാമ്പസുകളെ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകർഷിക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്ന പ്രചാരണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
നജീബ് കാന്തപുരം, ഡോ. എം കെ മുനീർ, പി. കെ ബഷീർ, യു എ ലത്തീഫ് എന്നീ മുസ്‌ലിം ലീഗ് എം എൽ എ മാർക്ക് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയം സംബന്ധിച്ച സംസ്ഥാന സർക്കാരിന് സംസ്ഥാന ഇന്റലിജൻസ് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോയെന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെയാണ് മുഖ്യമന്ത്രി നൽകിയത്.