കൊച്ചി: മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും പുനരധിവാസവും സംബന്ധിച്ച് സർക്കാരിനെതിരെ വിമർശനമുയർത്തിയ ഭരണപരിഷ്കാര കമ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഫ്ലാറ്റില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്ക് പുനരധിവാസം നല്‍കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഭരണഘടനപാരമായ ഉത്തരവാദിത്തമാണ് എന്നതുകൊണ്ട് മരടിലെ വിഷയം മറ്റ് ഏതെങ്കിലും വിഷയുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നുമായിരുന്നു വി.എസിന്റെ പ്രസ്താവന.

Also Read: മറ്റ് പാര്‍പ്പിട സൗകര്യമുള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല: വി.എസ്.അച്യുതാനന്ദന്‍

മരടിലെ ഫ്ളാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് വിഎസ് പറഞ്ഞു.

നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്ളാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്ളാറ്റുടമകൾ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നും വി.എസ്.വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.