തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പല ഘട്ടത്തിലും പ്രതിപക്ഷം വിമർശിച്ചപ്പോഴും പതിവ് വാർത്ത സമ്മേളനങ്ങളിൽ രാഷ്ട്രീയം കലർത്താതെയായിരുന്നു മിക്കപ്പോഴും മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഇന്ന് പതിവിൽനിന്ന് വ്യത്യസ്തമായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. പ്രതിപക്ഷത്തെ അതിരൂക്ഷമായി കടന്നാക്രമിച്ചു, പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ.

മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മന്ത്രി കെകെ ശൈലജക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ചുക്കൊണ്ടായിരുന്നു മുഖ്യമന്ത്രി തന്റെ വാർത്ത സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുതെന്നും ജനങ്ങളുടെ ജീവനാണ് പ്രധാനമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഇതുവരെയുള്ള ആരോപണങ്ങൾ ഒരോന്നും എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല, ലിനിയുടെ കുടുംബത്തെ വേട്ടയാടരുത്

നിപാ ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിപാ രാജകുമാരിയെന്നും കൊറോണ രാജ്ഞിയെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചതിനെതിരെ പ്രതികരിച്ചതിനാണ് കോണ്‍ഗ്രസ് സജീഷിനെതിരെ പ്രതിഷേധം നടത്തിയത്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നിപാ രക്തസാക്ഷിയായ ലിനിയുടെ കുടുംബം കേരളം നമ്മുടെ കുടുംബമായിട്ടാണ് കാണുന്നതെന്നും അത് അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ അവരുടെ കുടുംബത്തെ വേട്ടയാടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്നവരാണ് ലിനിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ലിനിയുടെ കുടംബത്തിനെതിരെ ഈ ക്രൂരതയെന്നത് ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞതുകൊണ്ടാണ് ഈ ആക്രമണം. സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുടുംബത്തോടും ആ കുഞ്ഞുമക്കളോടും സജീഷിനുമൊപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കും. നിപയെ ചെറുത്ത് തോല്‍പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്നത് ലിനിയുടെ മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

നിപയെ ചെറുക്കാനും കൂടുതൽ മരണങ്ങൾ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തിൽ സർക്കാരിൽ ചുമതലപ്പെടുത്തിയ ആരോഗ്യ മന്ത്രി മുന്നിൽ തന്നെയുണ്ടായിരുന്നുവെന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരിയെന്നും കൊറോണ രാഞ്ജിയെന്നുമൊക്കെ മ്ലേച്ഛമായി ആക്ഷേപിക്കുമ്പോൾ ആദ്യ പ്രതികരണം ഉണ്ടാകുന്നത് ലിനിയുടെ കുടുംബത്തിൽ നിന്നാണ്. അവർക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമ്മമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി.

ആരോഗ്യ മന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീവിരുദ്ധം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ മന്ത്രിയെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ചില സ്ഥാനത്തുള്ള നേതാക്കൾ അധിക്ഷേപങ്ങൾ എന്തൊക്കെയാണ്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാനാണ് ആരോഗ്യ മന്ത്രി ശ്രമിച്ചത്.

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള  ആക്രോശം പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇങ്ങനെയൊക്കെ പറഞ്ഞാലേ അണികളുടെ കൈയടിയും വാര്‍ത്താ പ്രാധാന്യവും ലഭിക്കൂ എന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയില്‍ കെപിസിസിയുടെ അധ്യക്ഷന്‍ വീണുപോയതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണികളുടെ കയ്യടിയും വാർത്ത പ്രാധാന്യവും ലഭിക്കുവാൻ സ്ത്രീകളെ ഇങ്ങനെയൊക്കെ പറയണമെന്ന തോന്നലുള്ള പരിതാപകരമായ അവസ്ഥയിലേക്ക് കെപിസിസി അധ്യക്ഷൻ വീണുപോയതിൽ ഖേദമുണ്ട്. ഇത് കേവലമൊരു മന്ത്രിക്കെതിരായ പ്രതിപക്ഷ പാർട്ടിയുടെ നേതാവിന്റെ വിമർശനമെന്ന നിലയിലല്ല കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്ന തുറന്ന് പറച്ചിലായിട്ടാണ് മുല്ലപ്പള്ളിയുടെ പ്രതികരണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്‍റ് മാറുകയാണ്.

പ്രതിരോധ മരുന്നുപോലും ലോകത്തെങ്ങും ഫലപ്രദമായി വികസിപ്പിച്ചിട്ടില്ലായിരുന്നിട്ടു കൂടി നമ്മള്‍ ലോകം ശ്രദ്ധിക്കും വിധം  രോഗബാധയെ നിയന്ത്രിച്ചുനിര്‍ത്തി. അത് സാധ്യമായത് നിത്യേനയുള്ള ജാഗ്രതപ്പെടുത്തല്‍ കൊണ്ടും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ചുള്ള ആത്മാര്‍പ്പണം കൊണ്ടുമാണ്. ഇതിനൊപ്പം നാടാകെ ഒന്നിച്ചുനിന്നതുകൊണ്ടുകൂടിയാണ്.

ഇതു സാധിച്ച കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്‍റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെപോയ ഒരു മനസ്സിന്‍റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാനാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ പല വഴിക്കു ശ്രമിച്ചവര്‍ പ്രതിരോധത്തിനു നേതൃത്വം നല്‍കിയവരെ അധിക്ഷേപിക്കുന്നതിന്‍റെ രാഷ്ട്രീയ മനഃശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രതിപക്ഷ നേതാവിന്റെ മിറ്റിഗേഷന്‍ സ്ട്രാറ്റജി

സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ തുരങ്കം വെക്കാനുള്ള നിരന്തര ശ്രമങ്ങളാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കാര്യം ഞാനിവിടെ ഓര്‍മിപ്പിക്കുകയാണ്. കൊറോണ കാലത്ത് കെപിസിസി യോഗം നടന്നപ്പോള്‍ സര്‍ക്കാരിനെ കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ അനുവദിക്കരുത് എന്ന് തീരുമാനിച്ചവരാണ് പ്രതിപക്ഷം.

നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ വാദം എന്തായിരുന്നു? ‘നമ്മള്‍ ഇനിയും മാറേണ്ടത് മിറ്റിഗേഷന്‍ സ്ട്രാറ്റജിയിലേക്കാണ്, കൊറോണ റിസ്ക് മിറ്റിഗേഷന്‍ ഏറ്റവും പ്രധാനമാണ്. 100 ശതമാനവും കണ്ടയ്മെന്‍റ് മെത്തേഡില്‍ നിന്നും മാറി മിറ്റിഗേഷന്‍ മെത്തേഡ് സ്വീകരിക്കാം’.അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുക? അതു മനസ്സിലാക്കാന്‍ അമേരിക്കയിലൊന്നും പോകേണ്ടതില്ല. ‘മിറ്റിഗേഷന്‍ സ്ട്രാറ്റജി’യാണ് അഭികാമ്യമെന്ന അഭിപ്രായം അദ്ദേഹമോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരോ ഇപ്പോള്‍ പറയുമോ?, മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷം

സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചത്, ആ രീതി കൂടിയുണ്ടായാലേ ദുരിതാശ്വാസ സഹായം ഫലപ്രദമായി എത്തിക്കാനാവൂ എന്നതു കൊണ്ടാണ്. ആ അഭ്യര്‍ത്ഥന വന്നപ്പോള്‍, അതിലേക്കു പരമാവധി സഹായം ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ചുമതലയുള്ള ഇവരില്‍ ചിലര്‍ എന്താ ചെയ്തത്? അതിലേക്ക് പണം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു. കള്ളം പ്രചരിപ്പിച്ച് സഹായം മുടക്കാന്‍ ശ്രമിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ ഖജനാവിലേക്കുള്ള വരവ് വല്ലാതെ കുറഞ്ഞ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ചെറിയൊരംശം വരുമാനമുണ്ടാകുന്ന മുറയ്ക്ക് പിന്നീട് നല്‍കാമെന്ന തീരുമാനമെടുത്തപ്പോള്‍, അതിനെ അട്ടിമറിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങി. ഉത്തരവ് കത്തിച്ചു. അതിനെതിരെ കോടതിയില്‍ പോകുകയും പരാജിതരാവുകയും ചെയ്തതതും നാം കണ്ടു.

രോഗം പടരുന്ന സാഹചര്യമുണ്ടാക്കാൻ എന്തിനാണു പ്രതിപക്ഷം വ്യഗ്രതപ്പെട്ടത്?

പ്രവാസി മലയാളികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തില്‍, രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്ന് ഒരു വിമാനത്തില്‍ വരുന്നത് ഒഴിവാക്കാന്‍ അവിടെ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അതിനെയും എതിര്‍ത്തു. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലര്‍ന്ന് ഒരേ വിമാനത്തില്‍ വരുന്ന സംവിധാനമുണ്ടാക്കാനും അങ്ങനെ രോഗം പടരുന്ന സാഹചര്യമുണ്ടാക്കാനും എന്തിനാണു പ്രതിപക്ഷം വ്യഗ്രതപ്പെട്ടത്?

30 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് നില്‍ക്കില്ലെന്ന വാദം ജാഗ്രത ഇല്ലാതാക്കാന്‍

കോവിഡിന്‍റെ ആരംഭ ഘട്ടത്തില്‍  ജാഗ്രതാ സന്ദേശം സര്‍ക്കാര്‍ കൊടുത്തപ്പോള്‍ പലയാളുകളും ശാസ്ത്രവിദഗ്ധരായി രംഗത്തു വന്നു. 30 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് നില്‍ക്കില്ല എന്നും ചൂടുള്ള ഗള്‍ഫ് നാടുകളില്‍ കോവിഡില്ലല്ലൊ എന്നുമൊക്കെ പറഞ്ഞ് ജനങ്ങളുടെ ജാഗ്രതയെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഏതു പ്രേരണയാലാണ്?

മീഡിയ മാനിയയും പിആർ ഏജൻസിയും

ദൈനംദിന രോഗവ്യാപന വിവരങ്ങള്‍ ജനങ്ങളോട് പങ്കുവയ്ക്കുന്നതിനെ ‘മീഡിയ മാനിയ’ എന്നും ആക്ഷേപിച്ചു. പ്രതിച്ഛായ കൂട്ടാന്‍ പിആര്‍ ഏജന്‍സികളെ ആശ്രയിച്ചെന്നതായിരുന്നു അടുത്തത്. വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നു എന്ന് പോലും പ്രചരിപ്പിച്ചില്ലേ?

കോവിഡിനെ ചെറുക്കുന്നതില്‍ ഈ ചെറു സംസ്ഥാനം സൃഷ്ടിച്ച മാതൃകയെപ്പറ്റി ലോക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം പിആര്‍ ഏജന്‍സി കൊടുക്കുന്നതാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. മുഖ്യമന്ത്രി, വാര്‍ത്താസമ്മേളനത്തില്‍ ചിരിക്കുന്നതുപോലും പിആര്‍ ഏജന്‍സി പറയുന്നതനുസരിച്ചാണെന്നു പോലും വിളമ്പാന്‍ മടി കാണിച്ചില്ല.

‘നാല്‍പത്തിരണ്ടു അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് നിങ്ങള്‍ പിആര്‍ ഏജന്‍സിയെ വെച്ച് പരസ്യം കൊടുത്തതെന്നും അത് ഞങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്’ എന്നുമാണ് കെപിസിസി പ്രസിഡന്‍റ് പ്രസംഗിച്ചത്. എവിടെയാണ് ഈ സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ വെച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിപ്പിച്ചത്? ഒരുവിധത്തില്‍ ആലോചിച്ചാല്‍ ഈ ആരോപണം ലോകത്താകെയുള്ള മാധ്യമങ്ങളെ പോലും അവഹേളിക്കുന്നതല്ലേ.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ പരിശോധനയില്ലാതെ കടത്തിവിടാൻ ശ്രമിച്ചു

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പാസ് ഏര്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ നടത്തിയ കാട്ടിക്കൂട്ടലുകള്‍ എന്തൊക്കെയായിരുന്നു? വാളയാറില്‍ പാസ്സില്ലാത്തവരെ എത്തിച്ച് പരിശോധനപോലും ഇല്ലാതെ കേരളത്തിലേക്ക് കടത്തിവിടാനായി ശ്രമം. ഇവരുടെ ചെയ്തികളുടെ ഭാഗമായി നിരപരാധികളായ നൂറു കണക്കിനു പേര്‍ രോഗവ്യാപന ഭീഷണിയില്‍ കഴിയേണ്ടി വന്നില്ലേ?

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ‘വട്ടാണ്’ എന്ന് പറഞ്ഞവർ

നമ്മുടെ കുട്ടികള്‍ക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് എതിരെയും രംഗത്തുവന്നു. ഒരു കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപ വാക്കുകള്‍ ഓര്‍മയില്ലേ? ‘വട്ടാണ്’ എന്നല്ലേ പറഞ്ഞത്. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനായിരുന്നു അവരുടെ ശ്രമം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ആരാധനാലയങ്ങൾ തുറന്നപ്പോൾ

ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോഴോ? തുറക്കണമെന്ന് പ്രതിപക്ഷ  നേതാവും മുന്‍ മുഖ്യമന്ത്രിയുമെല്ലാം പറഞ്ഞില്ലേ? സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തു. അപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ചോദിക്കുന്നു, എന്തിനാ തുറന്നതെന്ന്? രാഷ്ട്രീയ മുതലെടുപ്പിനുള്ള വഴി തേടുക, അതായിരുന്നില്ലേ കോണ്‍ഗ്രസിന്റെ ഉദ്ദേശം? ഏറ്റവും ഒടുവിലാണ് പ്രവാസി പ്രശ്നം ഉയര്‍ത്തിയത്.

ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്

ആ സിസ്റ്റത്തിന്‍റെ പ്രധാന ഭാഗമായ ഒരു മന്ത്രിയെ അധിക്ഷേപിക്കുന്നത് ആ സിസ്റ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവരെ ഒറ്റതിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ താളം തെറ്റിക്കാനാകുമോ എന്നാണ് ശ്രമം. ഒന്നേ പറയാനുള്ളൂ, ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഈ മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് നമ്മള്‍ പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.

സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാനല്ലാതെ, അര്‍ഹതപ്പെട്ട സഹായം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും ആവശ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷം പ്രത്യേക ശ്രദ്ധ വെച്ചു എന്നു വേണം പറയാന്‍.

പ്രതിപക്ഷം സത്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? എടുത്ത നിലപാടുകളൊക്കെ നാടിന്‍റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുന്ന തരത്തിലുള്ളതായിരുന്നില്ലേ? ഉന്നയിച്ച ആവശ്യങ്ങളൊക്കെ അബദ്ധങ്ങളായില്ലേ? ആ പറഞ്ഞത് സര്‍ക്കാര്‍ അനുസരിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയുന്ന നിലയായില്ലേ?

രാഷ്ട്രീയമായ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം തുടര്‍ച്ചയായി മഹാദുരന്തത്തെപ്പോലും ഉപയോഗിക്കുകയായിരുന്നുവെന്നു ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇങ്ങനെ ജനങ്ങള്‍ക്കുമുമ്പില്‍ തുടര്‍ച്ചയായി തുറന്നുകാട്ടപ്പെട്ടതിന്‍റെ ജാള്യതയാണ് ഇപ്പോള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കു പിന്നിലുള്ളത്. എന്നതും ജനങ്ങള്‍ തിരിച്ചറിയും.

ഇന്നും പറയുന്നത് കേട്ടു. ക്രെഡിറ്റ്, ക്രെഡിറ്റ് എന്ന്. ക്രെഡിറ്റ് ആര്‍ക്ക് എന്നത് മാത്രമാണ് പ്രതിപക്ഷത്തെ അലട്ടുന്ന പ്രശ്നമെന്നാണ് തോന്നുന്നത്. മുമ്പ് ക്രെഡിറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയേ ഇപ്പോഴും പറയാനുള്ളു. നിപയായാലും കോവിഡായാലും പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കാണ്. ഈ നാടന് മൊത്തമാണ്. ഈ നാട് ഒന്നായി നിങ്ങള്‍ക്കുമ്പോഴാണ് ഇത്തരം മഹാമാരികളെ ചെറുക്കാനാകുന്നത്. എല്ലാം ജനം കാണുന്നുണ്ട്. കേള്‍ക്കുന്നുണ്ട്. അവര്‍ തീരുമാനിക്കട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.