തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ എടുത്ത നടപടികളിൽ യാതൊരു അനവധാനതയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിരപ്പെടുത്തുന്നത് പിഎസ്‌‌സി ലിസ്റ്റ് ഇല്ലാത്ത ഇടങ്ങളിലാണ്. ലിസ്റ്റ് ഉള്ള ആർക്കും സ്ഥിരപ്പെടുത്താനാവില്ല. പിഎസ്‌‌സി ലിസ്റ്റ് ഉള്ളവർക്ക് നിയമനം നൽകാനാവില്ല. പിഎസ്‌‌സി ലിസ്റ്റുള്ളവർ അത് ആഗ്രഹിച്ചിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനത്തിനും പിഎസ്‌‌സി ലിസ്റ്റില്ല. പിഎസ്‌‌സിക്ക് നിയമനം വിട്ടിട്ടില്ല. നടത്തിപ്പിന് ഓരോ ഘട്ടത്തിൽ ആളുകളെ എടുക്കുകയാണ്. ചിലർ നല്ല കൃത്യതയോടെയുള്ള പരീക്ഷയും മറ്റും നടത്തി തന്നെ എടുക്കുന്നതാണ്. എന്നാൽ അംഗീകൃത ജോലിയായി നിൽക്കുകയാണ്. ഇത്തരം ആളുകൾ വർഷങ്ങൾ കുറച്ചായി നിൽക്കുകയാണ്. 20 വർഷം പൂർത്തിയക്കിയവരുണ്ട്. ഇത്തരത്തിൽ ദീർഘകാലം നിയമിച്ചവരെ പുറത്താക്കിയാൽ അവരെ ബാധിക്കുന്ന മാനുഷിക പ്രശ്നങ്ങളാവും. ഇത്തരത്തിൽ വർഷങ്ങളോളം സർവീസുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഇതിനെ ചെയ്യാൻ പാടില്ലാത്ത കാര്യം സർക്കാർ ചെയ്യുന്നു എന്ന് ചിത്രീകരിക്കുകയാണ്. ഇത് ബോധപൂർവമുള്ള ശ്രമമാണ്.

Also Read: 4892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4832 പേർക്ക് രോഗമുക്തി

നേരത്തെ യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്തിയതിന്റെ പ്രശ്നങ്ങളുണ്ട്. 10 വർഷത്തിൽ കൂടുതൽ തൊഴിലെടുത്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരുന്നത്. ഇപ്പോൾ താൽക്കാലികക്കാർക്ക് സ്ഥിര നിയമനം നൽകുന്നില്ല എന്ന് തീരുമാനിച്ചത് സർക്കാരിനെതിരെ പ്രവർത്തിക്കുന്നവർക്ക് ഈ വിഷയം മുതലെടുക്കാതിരിക്കാൻ വേണ്ടിയാണ്. ആർക്കും അവസരം സർക്കാർ ഇല്ലാതാക്കുന്നില്ല. ഇത് ഏതാനും മാസത്തേക്ക് മാത്രമുള്ള നടപടിയാണ്. ഭാവിയിൽ അവർക്ക് നിയമനം നൽകുമെന്ന കാര്യത്തിൽ ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊതുജന ആരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓർഡിനൻസ്

1939ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട് 1955 ട്രാവൻകൂർ പബ്ലിക് ഹെൽത്ത് ആക്ടും ഏകീകരിച്ച് കേരള പൊതുജന ആരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി. ഒപ്പം 1953ലെ ട്രാവൻകൂർ കോച്ചിൻ മെഡിക്കൽ പ്രക്ടിഷനേഴ്സ് ആക്ടും 1914ലെ മദ്രാസ് മെഡിക്കൽ പ്രക്ടിഷനേഴ്സ് ആക്ടും ഏകീകരിച്ച് കേരള മെഡിക്കൽ പ്രക്ടിഷനേഴ്സ് ആക്ട് നടപ്പാക്കാനും ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികൾക്ക് വാടകയിൽ ഇളവ് നൽകും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കിൽ 2020-21ലെ തുടർന്നുള്ള മാസങ്ങളിൽ അത് ക്രമീകരിച്ച് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിൽ പുനരിജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.

കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പള പരിഷ്കരിക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു. 2017 ഓഗസ്റ്റ് 1 മുതൽ ഇതിന് പ്രാബല്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം.

Also Read: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു

ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ഇന്ന് പറയാനുള്ള മറ്റൊരു കാര്യം ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നു എന്നതാണ്. ആര്‍ദ്രത്തിന്‍റെ ആദ്യഘട്ടമന്ന നിലയില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ അതും പൂര്‍ത്തിയാകും. അതോടെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.

ഐടി വികസനം

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഐടി മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഐടി പാര്‍ക്കുകളില്‍ ഒരു കോടി ചതുരശ്ര അടി സ്ഥലസൗകര്യമേര്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്‍റെയും നാലാം ഘട്ടത്തിന്‍റെയും വികസനം സാധ്യമാക്കാന്‍ കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷമുണ്ട്.

ടെക്നോപാര്‍ക്കിലെ നാലാം ഘട്ടമായ തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ ആദ്യ കെട്ടിടം പ്രവര്‍ത്തനക്ഷമമായി. അതോടൊപ്പം ടെക്നോസിറ്റിയില്‍ 97 ഏക്കറിലായി 1500 കോടി മുതല്‍മുടക്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ (ടിസിഎസ്) ഐടി  ഹബ്ബ് യാഥാര്‍ത്ഥ്യമാവുകയാണ്. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എത്തിയത് കേരളത്തിന്‍റെ ഐടി വ്യവസായത്തിന് വലിയ നേട്ടമാണ്. ടോറസ് ബില്‍ഡിങ്ങിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. 2018ല്‍ നിര്‍മാണം ആരംഭിച്ച ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് അനേകം പ്രതിസന്ധികളെ തരണം ചെയേണ്ടതായി വന്നു.

ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേര്‍ക്ക് നേരിട്ടും 70,000 പേര്‍ക്ക് അല്ലാതെയും സംസ്ഥാനത്ത് തൊഴില്‍ ലഭിക്കും.

ഡിഫന്‍സ് പാര്‍ക്ക്

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടനവും ഇന്ന് നടന്നു. 130.94 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപ കേന്ദ്ര ധനസഹായമാണ്. കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്‍റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്‍റര്‍, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്‍റര്‍, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കും.

ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്.

ജനജാഗ്രത

അഴിമതി തുടച്ചുനീക്കുക എന്നത് ഈ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. അതില്‍ ഒരു ചുവടുവെയ്പ്പുകൂടി നടത്തുകയാണിപ്പോള്‍. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി അഴിമതിമുക്ത കേരളം എന്നതാണ് ലക്ഷ്യംവക്കുന്നത്. അതിനായി അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് തെളിവുകള്‍ സഹിതം നല്‍കാനായി ഒരു വെബ്സൈറ്റ് ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നല്ലോ. ജനജാഗ്രത എന്നാണ് വെബ്സൈറ്റിന്‍റെ പേര്. വെബ്സൈറ്റിന്‍റെ പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 740ഓളം വ്യക്തികള്‍ പേരുകള്‍ നിര്‍ദേശിക്കുകയുണ്ടായി. അതില്‍ നിന്നാണ് ജനജാഗ്രത എന്ന പേര് തെരഞ്ഞെടുത്തത്. 7 പേര്‍ ജനജാഗ്രത എന്ന പേര്‍ നിര്‍ദേശിച്ചു. അതില്‍ ആദ്യം നിര്‍ദേശിച്ച ആളെയാണ് വിജയിയായി കണ്ടെത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് മുഖാന്തിരം അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. വെബ്സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു ലെവലില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാന്‍ സാധിക്കും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയും.

സര്‍ക്കാര്‍ ഉദോഗസ്ഥര്‍ പലപ്പോഴും ഭയക്കുന്നത് തങ്ങള്‍ക്കെതിരെ മനഃപൂര്‍വ്വം ചിലരെങ്കിലും വ്യാജ അഴിമതി പരാതികള്‍ നല്‍കുന്നുവെന്നതാണ്. ഈ വെബ്സൈറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകുകയാണ്. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്സൈറ്റ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ല. പൂര്‍ണമായി ജനങ്ങളുടെ പിന്തുണയോടുകൂടി മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാര്‍ട്ട് ഫോണ്‍ വഴി ഏതൊരാള്‍ക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകും.

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍

യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും, പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി വഴിയോര വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും നിര്‍മിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ടിന പദ്ധതിയുടെ ഭാഗമായാണ് അത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1053 ശുചിമുറികളാണ് നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നത്. ഇതില്‍ 721 എണ്ണത്തിന്‍റെ കരാര്‍ നല്‍കിക്കഴിഞ്ഞു. അതില്‍ തന്നെ 502 എണ്ണത്തിന്‍റെ നിര്‍മാണം ആരംഭിച്ചു. 50ഓളം ശുചിമുറികള്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

കെഎസ്ആര്‍ടിസിയിലെ 40 ശുചിമുറികളും നവീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെഎസ്ആര്‍സിയിലെ പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ വഴിയോര വിശ്രമ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. മാസത്തിനുള്ളില്‍ ആദ്യ ഘട്ട പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രവാസികള്‍ക്ക് നിക്ഷേപ അവസരത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ആദ്യ സംരംഭമാണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍. ഭക്ഷണശാലകള്‍, വിനോദകേന്ദ്രങ്ങള്‍, വാഹന അറ്റകുറ്റ പണിക്കുള്ള ഇടം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.