scorecardresearch
Latest News

കെ-ഫോൺ ഉടൻ, പുതിയ നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ആകെ 1557 പദ്ധതികള്‍

കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും

Covid, Kerala, Restrictions

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനു ബന്ധിച്ച് പുതിയ നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഫെബ്രുവരി 10 ന് ആരംഭിച്ച് മേയ് 20 ന് അവസാനിക്കുന്ന രീതിയിലാണ് പദ്ധതികൾ. കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആകെ 1557 പദ്ധതികള്‍ ഉണ്ടെന്നും ഇതിനായി 17,183 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു.

നൂറുദിന പരിപാടിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിര്‍മ്മാണ പ്രവൃത്തികളിലൂടെയുള്ള തൊഴില്‍ ദിനങ്ങളായതിനാല്‍ അതിഥി തൊഴിലാളികള്‍ക്കും ഇതിലെ ഒരു പങ്ക് സ്വാഭാവികമായി ലഭ്യമാകും.

നിര്‍മ്മാണ പ്രവൃത്തികളെ ആസ്പദമാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ക്ക് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ 4,64,714 ആണ്. ഇതില്‍ കൃഷി വകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 56,500 പരോക്ഷ തൊഴിലവസരങ്ങളും വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്) 93,750 തൊഴിലവസര ങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

സര്‍ക്കാരിന്‍റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും. നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും. കെഫോണ്‍ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്.

ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും. അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.

ജനങ്ങള്‍ക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നല്‍കുന്ന പദ്ധതി ആരംഭിക്കും. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. 10,000 ഹെക്ടറില്‍ ജൈവ കൃഷി തുടങ്ങും.

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന പോലീസ്
റിസര്‍ച്ച് സെന്‍റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.

കുട്ടനാട് പാക്കേജ് ഫേസ് 1 ന്‍റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മ്മാണവും തുടങ്ങും. കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളത്തെ ആമ്പല്ലൂര്‍, തിരുവനന്തപുരത്തെ കാട്ടാക്കട, നഗരൂര്‍, കൊല്ലത്തെ കരീപ്ര എന്നീ കുഴല്‍കിണര്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി
പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാര്‍ത്ഥികള്‍ക്ക് നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.

18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്‍റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇടുക്കിയില്‍ എന്‍ സി സി യുടെ സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.

കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണമാരംഭിക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം നടത്തും. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. 75 പാക്സ് കാറ്റാമറൈന്‍ ബോട്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും.

യുഎഇ സന്ദർശനവേളയിൽ കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള സാഹചര്യം യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തില്‍ യു.എ.ഇ നല്‍കി വരുന്ന പിന്തുണയ്ക്ക് യുഎഇ ഭരണാധികാരിയോട് നന്ദി പറഞ്ഞു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. കേരളത്തിൽ മുതല്‍ മുടക്കാൻ വിവിധ സംരഭകർ താൽപര്യമറിയിച്ചു. കേരളത്തിൽ മുതൽ മുടക്കുന്ന നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബുദാബി ചേംബറിന്‍റെ ഉന്നത തല സംഘം കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ സേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ബാബുവിന് ആവശ്യമായ തുടർ ചികിത്സയും പരിചരണവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan press meet second 100 day programs