തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് ഇന്ന് ആശ്വാസത്തിന്റെ തുടർച്ചയായ രണ്ടാം ദിനം. ഇന്നും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ആകെ 25,940 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതിൽ 237 പേർ ആശുപത്രികളിലും 25,603 പേർ വീടുകളിലുമാണ്. കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു.

അതേസമയം, ജാഗ്രത ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗപ്പകർച്ച നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ സ്ഥിതി കൈവിട്ടുപോയിട്ടില്ല, എന്നാൽ എപ്പോൾ വേണമെങ്കിലും ഗുരുതരമാകാം.

പ്രധാന മത നേതാക്കളുമായി വീഡിയോ കോൺഫറസിലൂടെ സംസാരിച്ചുവെന്നും മതചടങ്ങുകൾ ഒഴിവാക്കാമെന്ന ഉറപ്പ് അവർ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച, ഞായറാഴ്ച പ്രാർഥനകളും ആൾക്കൂട്ടമില്ലാതെ നടത്തും. മദ്രസകളിൽ പരീക്ഷകൾ നടത്തുന്നതിന് തടസമില്ല. രോഗം ബാധിച്ച രാജ്യങ്ങളുടെ അനുഭവം കൂടി കണക്കിലെടുത്തുകൊണ്ട് അതിനെ നേരിടാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നത്. നാടാകെ ഒന്നിച്ച് നീങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: കോവിഡ്-19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി

സുപ്രീം കോടതിയുടെ അഭിനന്ദനം സർക്കാരിന് കരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് സുപ്രീം കോടതി അഭിനന്ദിച്ചത്. കൊറോണ കാലത്ത് നിരവധി കുട്ടികൾക്കാണ് സർക്കാർ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകുന്നത്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.