തിരുവനന്തപുരം: സംസ്ഥാന സർക്കാർ രണ്ടാം നൂറ് ദിന കർമ പരിപാടിയിലേക്ക്. 10,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ഇടത് സർക്കാർ അധികാരത്തിലേറിയപ്പോൾ പ്രഖ്യാപിച്ച 600 പദ്ധതികളിൽ 570 എണ്ണം പൂർത്തീകരിച്ചു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിക്കാത്ത നൂറിലേറെ പരിപാടികൾ സർക്കാർ പൂർത്തിയാക്കി. ഡിസംബർ ഒൻപതിനാണ് രണ്ടാം നൂറ് ദിന കർമ പരിപാടി ആരംഭിച്ചത്. കോവിഡ് മാന്ദ്യത്തിൽ നിന്ന് പുറത്തുകടക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, തത്സമയം
Posted by IEMalayalam on Wednesday, December 23, 2020
രണ്ടാം ഘട്ട നൂറ് ദിന പരിപാടിയിൽ അരലക്ഷം പേർക്ക് തൊഴിൽ നൽകും. 10,000 പുതിയ സംരഭങ്ങൾ. ക്ഷേമ പെൻഷൻ നൂറ് രൂപ കൂടി വർധിപ്പിക്കും. ഇതോടെ ക്ഷേമ പെൻഷൻ 1,500 ആകും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാല് മാസത്തേക്ക് കൂടി തുടരും.
20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായി ഉയർത്തും. ഒൻപത് വ്യവസായ പദ്ധതികൾ മാർച്ചിൽ പൂർത്തിയാക്കും. കെ ഫോൺ പദ്ധതി ഡിജിറ്റൽ കേരളം എന്ന സ്വപ്നം പൂർത്തീകരിക്കാൻ നിർണായക കാൽവയ്പ്പാകുമെന്നും മുഖ്യമന്ത്രി.