തിരുവനന്തപുരം: സ്‌പ്രിൻക്ലർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം വിഭാഗീയത ഉയർത്തി രക്തസാക്ഷി പരിവേഷം നേടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു രാവിലെ ആരോപിച്ചിരുന്നു. ഇതേ കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി പഴയ വിഷയങ്ങൾ ഉയർത്തികാട്ടിയത്.

നേരത്തെ തനിക്കു നേരിടേണ്ടി വന്ന വ്യാജ ആരോപണങ്ങളെ ഉയർത്തികാട്ടിയാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയത്. പഴയ കാര്യങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നൽകാൻ തുടങ്ങിയത്. തനിക്കെതിരെയുള്ള വ്യാജ വാർത്തകളെ കുറിച്ച് കേട്ടിട്ടില്ലേ എന്നു മാധ്യമപ്രവർത്തകനോട് തിരിച്ചുചോദിക്കുകയായിരുന്നു പിണറായി.

Read Also: കോവിഡ്-19: ഇടുക്കി, കോട്ടയം ജില്ലകൾ ഇനി ഓറഞ്ച് സോണിൽ

“ഒന്നും മറന്നിട്ടില്ല. ചില കഥകളിലേക്ക് പോകേണ്ടി വരും. കമല ഇന്റർനാഷ്‌ണലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കമല എന്നത് എന്റെ ഭാര്യയുടെ പേരാണ്. അവരുടെ പേരിൽ വിദേശത്ത് ഒരു കമ്പനിയുണ്ടെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നത്. അതൊരു വ്യാജ വാർത്തയായിരുന്നു. പിന്നെ, എന്റെ വീട് എന്തോ രമ്യഹർമം ആണെന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. അതൊക്കെ വ്യാജ വാർത്തയായിരുന്നു. എവിടെയാണ് അതൊക്കെ വന്നതെന്ന് ഞാൻ പറയണോ? എന്തെല്ലാം തരത്തിലാണ് എന്റെ കുഞ്ഞുങ്ങളെ കുറിച്ച് പോലും വ്യാജ വാർത്ത പ്രചരിച്ചത്. മകൾ അമൃത ഇൻസ്റ്റി‌റ്റ‌്യൂട്ടിൽ പഠിക്കാൻ പോയത് പിണറായി ഇടപെട്ടിട്ടാണെന്ന് പറഞ്ഞു. പക്ഷേ, ജോലി കിട്ടിയത് വാർത്തയായില്ല. ഒറാക്കിൾ കമ്പനിയിലാണ് മകൾക്ക് ജോലി കിട്ടിയത്. അത് പിണറായി ഇടപെട്ടാണ് കിട്ടിയതെന്ന് പറയാൻ സാധിക്കില്ലല്ലോ? അതിനു പിന്നാലെ ലാവ്‌ലിൻ. അവർ തന്നെ (പ്രതിപക്ഷം) നിയോഗിച്ച വിജിലൻസ് അല്ലേ തെളിവില്ലെന്ന് പറഞ്ഞത്? ഇതൊന്നും മറന്നു പോയതല്ല. നിങ്ങൾ അന്വേഷണാത്മക മാധ്യമപ്രവർത്തനം നടത്തുന്നവരല്ലേ? ഇപ്പോൾ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്ക്, തെളിവ് കണ്ടെത്തിക്കോളീൻ..” പിണറായി പറഞ്ഞു.

അതേസമയം, പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രിക്കും സർക്കാരിനും പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട് പുകമറ സൃഷ്‌ടിച്ച് സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മനുഷ്യജീവൻ സംരക്ഷിക്കുന്നതിനേക്കാൾ പ്രതിപക്ഷം പ്രധാന്യം നൽകുന്നത് സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടിയെന്നോണമാണ് സർക്കാർ സ്‌പ്രിൻക്ലർ സേവനം പ്രയോജനപ്പെടുത്തിയത്. അങ്ങനെ തീരുമാനിച്ചപ്പോൾ തന്നെ വ്യക്തികളുടെ സ്വകാര്യതയ്‌ക്ക് പ്രാധാന്യം നൽകിയിരുന്നു. ഹൈക്കോടതിയിൽ കൃത്യമായി വിശദീകരണം നൽകാൻ സർക്കാരിനു സാധിക്കും. സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ സർക്കാരിനു പൂർണ പിന്തുണ നൽകുന്നു. കോവിഡ് പ്രതിസന്ധി മറികടന്ന് സാഹചര്യങ്ങൾ സാധാരണ നിലയിലായാൽ സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തതായി കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.