തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാത്രം ഒഴിവാക്കും. ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ സംസ്ഥാനത്ത് മൊബെെൽ ഷോപ്പുകൾ ഞായറാഴ്‌ചകളിലും വർക്ക്‌ഷോപ്പുകൾ ഞായർ, വ്യാഴം എന്നിങ്ങനെ ആഴ്‌ചയിൽ രണ്ട് ദിവസവും തുറന്നുപ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫാൻ, എയർകണ്ടീഷനറുകൾ വിൽക്കുന്ന കടകൾ തുടങ്ങിയവ ആഴ്‌ചയിൽ ഒരു ദിവസം തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷ്യൻമാർക്ക് വീടുകളിലും ഫ്‌ളാറ്റുകളിലും പോയി ജോലി ചെയ്യാനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കമ്യൂണിറ്റി കിച്ചണുകൾക്ക് സമാന്തരമായി കിച്ചണുകൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലയിടങ്ങില്‍ അനാവശ്യമായ ചില പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ചിലയിടങ്ങളില്‍ അതൊരു മത്സര രൂപത്തിലുമുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ മത്സര സ്വഭാവത്തോടെ സമാന്തര കിച്ചണുകള്‍ നടത്തുന്നതായി വിവരം ലഭിച്ചു. ഇതിലൊന്നും മത്സരബുദ്ധി വേണ്ടെന്ന് പിണറായി പറഞ്ഞു.

Read Also: കഥയറിയാതെ ആട്ടം കാണുന്നു, ഇതാണ് ‘സാക്ഷാൽ’ മുല്ലപ്പള്ളി: പിണറായി വിജയൻ

മൃഗശാലകൾ അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. വളർത്തു മൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണം. ഇതിന് വീടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കരിച്ചന്തയും പൂഴ്‌ത്തിവയ്‌പ്പും അമിത വില ഈടാക്കലും ഒഴിവാക്കുന്നതിന് കർശന പരിശോധനകൾ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 326 വ്യാപര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 144 നടപടികൾക്ക് ശുപാർശ ചെയ്തു. മത്സ്യ പരിശോധനയിൽ വളത്തിന് വച്ച മത്സ്യം അടക്കം ഭക്ഷണത്തിന് കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ പിടിച്ചെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി. ഇതിൽ 263 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 12 പേർക്കാണ് ഇന്ന് മാത്രം രോഗം ഭേദമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.