തിരുവനന്തപുരം: കോവിഡ്-19 നെ പ്രതിരോധിക്കാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും അത് ജനജീവിതം ദുസഹമാക്കുന്ന തരത്തിലേക്ക് മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കയകറ്റാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന അവസ്ഥയിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ കമ്യൂണിറ്റി കിച്ചണുകൾ ഉണ്ടാക്കണം. കേരളത്തിൽ ഒരാളും പട്ടിണി കിടക്കരുത്. ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കണം. നേരിട്ടു പറയാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ടാകും. അത്തരക്കാർക്കുവേണ്ടി പ്രത്യേക ഫോൺ നമ്പർ തുടങ്ങും. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം. ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധ ഉണ്ടാകണം. സഹായം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണം. ഒറ്റപ്പെട്ടു കഴിയുന്ന കുടുംബം പോലും പട്ടിണിയിലാകുന്ന അവസ്ഥ ഉണ്ടാകരുത്. സമൂഹം ജാഗ്രത കാണിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: കോവിഡ്-19: മരണസംഖ്യയില്‍ സ്‌പെയിന്‍ ചൈനയെ മറികടന്നു

“മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്‌തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല.” മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ഒൻപത് പേരിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. നേരത്തെ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതോടെ ആറായി. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനാഫലങ്ങൾ ഇപ്പോൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ലോക്ക് ഡൗണ്‍: തർക്കിച്ച് യുവാക്കൾ, പൊലീസിനെ മർദിച്ചു

മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്നു വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ബാക്കിയുള്ളവർ ആശുപത്രിയിലും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.