scorecardresearch
Latest News

‘അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ നിയതമായ രീതികളുണ്ട്’; ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റ്‌ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി

‘അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ നിയതമായ രീതികളുണ്ട്’; ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് കേന്ദ്രത്തിന്റെ ഏജന്റ്‌ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ ഓഫീസ് രാഷ്ട്രീ യ ഉപജാപ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിട്ട നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരാവദിത്തമില്ലെന്നും ആ ഉത്തരാവദിത്തം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശ പ്രകാരം മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് പറയുന്നു. മന്ത്രി സഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്റെ വിധിന്യായത്തില്‍ സ്പഷ്ടമാക്കുന്നുണ്ട്. രാജ്യത്ത് ഭരണഘടനയാണ് പ്രധാനം. ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാത്തലവന്‍. പക്ഷെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം. കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ നടപടി രാജ്യത്തിനും കേരളത്തിനും അസാധാരണ പത്രസമ്മേളനമായിരുന്നു. ഗവര്‍ണര്‍ നിന്നുകൊണ്ട് പറയേണ്ടത് ഇരുന്ന് കൊണ്ട് പറഞ്ഞു. അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിന് നിയതമായ രീതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ സജീവ പാര്‍ട്ടിയില്‍ ഇടപെടാത്ത ഭരണ പാര്‍ട്ടിയില്‍ ഇടപെടാത്ത ആളാകണമെന്നാണ് എന്നാല്‍ കോടതി വിധികളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഗവര്‍ണറുടേത്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കേണ്ട പദവിയാണ്. എന്നാല്‍ ഗവര്‍ണര്‍ പത്രസമ്മേളനങ്ങളില്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുന്നു. ഈ പദവിയില്‍ ഇരുന്ന് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നു. ഈ നിലപാട് ശരിയാണോയെന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 ഡിസംബർ 28ന് കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ വസ്തുതാ വിരുദ്ധമായ പരാമർശം ഗവർണറുടെ ഭാഗത്തുനിന്നുണ്ടായി. ഗവർണറുടെ തെറ്റായ പരാമർശത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നും ഗവർണർ വിളിച്ചു. ലോകം അംഗീകരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. സംഘപരിവാറിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇർഫാൻ ഹബീവും ഗോപിനാഥ് രവീന്ദ്രനും. ചരിത്രത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്നത് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഹര്‍ഗോവിന്ദ് പന്ത് രഘുകുല്‍ തിലക് കേസില്‍ ഗവര്‍ണര്‍ കേന്ദ്ര ഗവണ്മെന്റെ ജീവനക്കാരന്‍/ഏജന്റ് അല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ കണ്‍വെന്‍ഷനുകളും കാറ്റില്‍ പറത്തുന്ന അനുഭവം വിപത്കരമാണ്.

1986 മുതല്‍ തന്നെ തനിക്ക് ആര്‍ എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ് ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിനര്‍ത്ഥം? ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവര്‍ണര്‍ എക്കാലത്തും കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല.

1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്റെ ആര്‍ എസ് എസ് ബന്ധം ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ഒരു വാദം. ഇത് വസ്തുതാപരമാണോ? ആര്‍എസ്എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം. ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്, ആര്‍എസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെമ്പാടും ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലെ ഒരു പ്രധാന ഘടകം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി അവിടുത്തെ നിയമസഭ കൊണ്ടുവരികയുണ്ടായി. അതില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പിട്ടിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കുന്ന നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയെങ്കിലും അവിടെയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും
മനസിലാവുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക, അത് വഴി തങ്ങള്‍ക്കാവശ്യമുള്ള ചരിത്രം ഇന്ത്യയില്‍ തങ്ങളുടേതായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട. അതിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാണ് അവരെ സംബന്ധിച്ചിടത്തോളം സര്‍വ്വകലാശാലകള്‍. രാജസ്ഥാനില്‍, തമിഴ്‌നാട്ടില്‍ ,ബംഗാളില്‍ എല്ലാം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ബന്ധമുള്ള വിസിമാരെ നിയമിക്കാനാണ് ശ്രമം. അതിനാണ് നിരന്തരമായി സംസ്ഥാന സര്‍ക്കാരുകളുമായി അലോസരമുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായിച്ചു നോക്കാതെ ഒപ്പിടില്ലെന്ന തീരുമാനം മുന്‍വിധിയോടെ എത്തുന്നത്

ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു പറഞ്ഞ ഒരു കാര്യം സര്‍ക്കാര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതാണ്. അങ്ങനെ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കേണ്ട അനര്‍ഹമായ ഏതെങ്കിലും കാര്യമോ താല്‍പര്യമോ സര്‍ക്കാരിനില്ല എന്ന് സംശയരഹിതമായി വ്യക്തമാക്കട്ടെ. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോള്‍, അതിന് അംഗീകാരം നല്‍കുക എന്ന ഉത്തരവാദിത്ത നിര്‍വ്വഹണമാണ് ഗവര്‍ണ്ണറില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

താന്‍ ‘വായിച്ചു നോക്കിയിട്ടില്ല’ എന്ന് അദ്ദേഹം തന്നെ പറയുന്ന ബില്ലുകള്‍, ‘ഒപ്പിടില്ല’ എന്ന് പ്രഖ്യാപിക്കുന്നത് നാം കേട്ടു. വായിച്ചു പോലും നോക്കാതെ ‘ഒപ്പിടില്ല’ എന്ന തീരുമാനത്തിലേക്ക് മുന്‍വിധിയോടെ എത്തുന്നത്, ഭരണഘടനയോടുള്ള ബഹുമാനത്തെയാണോ നിഷേധത്തെയാണോ കുറിക്കുന്നത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan press meet