തിരുവനന്തപുരം: വലിയ പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച് റീസ്ട്രക്ചർ 2.0. നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. വരവ് ചെലവ് അന്തരം ക്രമാതീതമായി കുറച്ചുകൊണ്ട് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സർക്കാരിൽ നിന്നുള്ള ആശ്രയം പരാമാവധി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സർക്കാർ കെഎസ്ആർടിസി റീസ്ട്രക്ചർ 2.0 എന്ന വലിയ പദ്ധതി നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇത്തരം പരിഷ്കാരങ്ങൾ ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുന്നതിനും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉന്നമനത്തിനും അനിവാര്യമാണ്. റീസ്ട്രക്ചർ 2.0 നടപ്പാക്കുന്നതിന് ജീവനക്കാരുടെ പൂർണ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ചില കാര്യങ്ങൾകൂടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കുടിശികയുള്ള മൂന്ന് ഘടു ഡിഎ മാർച്ച് മാസം നൽകും. ഇതോടൊപ്പം ശമ്പളത്തിന്റേത് ഗൗരവമുള്ള പ്രശ്നമായി കാണും. 2016 മുതലുള്ള സമ്പള പരിഷ്കരണത്തിന്റെ ചർച്ച ആരംഭിക്കും. 2021 ജൂൺ മുതൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരും.

ഈ പദ്ധതി നടപ്പാക്കുന്നതിന് ജീവനക്കാരുടെ പൂർണ സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിർത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65 കോടി രൂപ ശമ്പളത്തിനുപുറമെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസമായി 2020 നവംബർ മുതൽ അനുവദിച്ച് നൽകിയിട്ടുണ്ട്. ഇതിനുപുറമെയാണ് ശമ്പള പരിഷ്കരണം.

അതേസമയം ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളിലേക്കും സ്ഥാനക്കയറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനക്കയറ്റം വേണമെന്നത് ജീവനക്കാരുടെ ന്യായമായ ആവശ്യമാണെന്നും അത് പരിഗണിച്ച് എല്ലാ മേഖലയിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ പത്ത് ശതമാനം എങ്കിലും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും. ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ ശമ്പള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തില്‍                         30-6-2020-ലെ കണക്കുപ്രകാരം 2016 മുതല്‍ കുടിശ്ശികയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും. (ഇത് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്).

സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്‍കിയ 3197.13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്‍മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിതള്ളണമെന്നതും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.റ്റി.സി.യുടെ കീഴില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക.  

പിരിച്ചുവിട്ട താല്‍ക്കലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിന്‍മേല്‍ സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും. ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രം ഭരണനിര്‍വ്വഹണ ഓഫീസ് (14 ഓഫീസുകള്‍) കളുടെ എണ്ണം നിജപ്പെടുത്തും.  

പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്ആര്‍ടിസിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേര്‍ന്ന്  പെട്രോള്‍, ഡീസല്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും. മേജര്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 6 ആയും പുനര്‍ നിര്‍ണ്ണയിക്കും.  നിലനിര്‍ത്തുന്ന 20 വര്‍ക്ക്ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.  

ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും.ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രമൊഷന്‍ സാധ്യതകള്‍ സൃഷ്ടിക്കും. കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷോപ്സ് ഓണ്‍ വീല്‍സ്, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ്, ഡിജിറ്റല് പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കും.

മത്സ്യബന്ധന മേഖല

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു മഹാകാര്യമെന്ന മട്ടില്‍ ചിലത് പറഞ്ഞുകേട്ടു. ഒരുകാര്യം ആദ്യം തന്നെ വ്യക്തമാക്കട്ടെ. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും കുപ്രചാരണം നടത്തി അവരുടെ മനസ്സുകളെ സര്‍ക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.

മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്. 2019 ജനുവരിയില്‍ നടപ്പാക്കിയ ഫിഷറീസ് നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്:

1. വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ സമ്മര്‍ദ്ദം ചെലുത്തും.

2. സംസ്ഥാനത്തിന്‍റെ തീരക്കടലില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാല്‍, കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും.

ഇതാണ് സര്‍ക്കാറിന്‍റെ നയം. ഇതോടൊപ്പം അതേ നയത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകള്‍ പറയുന്നുണ്ട്.

മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില്‍പനയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവകാശം അവര്‍ക്ക് ഉറപ്പു വരുത്തും.

ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിക്കൊടുക എന്ന നയം കൊണ്ടുവന്നത് ആരാണെന്ന്  പ്രതിപക്ഷ നേതാവിന് ഓര്‍മയില്ലേ? കോണ്‍ഗ്രസ് നേതാവ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആഴക്കടലില്‍നിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാന്‍ വിദേശ ഭീമന്‍മാര്‍ക്ക് അവസരം നല്‍കിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമുള്ള, ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സര്‍ക്കാരിന്‍റെ നയങ്ങളെ സ്വാധീനിക്കുന്നത്. മത്സ്യബന്ധനത്തിനായി ആഴക്കടല്‍ വിദേശ കുത്തകകളൂടെ ലാഭക്കൊതിക്ക് തുറന്നു കൊടുത്ത കോണ്‍ഗ്രസിന്‍റെ നയമല്ല, ഈ സര്‍ക്കാരിന്‍റേത്. ഇത്രയും കാലത്തെ പ്രവര്‍ത്തനം അര്‍ത്ഥസങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചതാണ്.

വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സര്‍ക്കാരിന്‍റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിര്‍പ്പിനെ തുടര്‍ന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികള്‍ക്ക് നല്‍കിവന്നിരുന്ന അനുമതിപത്രം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് പ്രാഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ആഴക്കടല്‍ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതില്‍ നിന്നും വ്യക്തമാണ്.

പരമ്പരാഗത മത്സ്യബന്ധനത്തിന് ഉതകുന്ന ആഴക്കടല്‍ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ആഴക്കടല്‍ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരാണ് എന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടതില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.