തൃശൂർ: കേരളപര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ. ഇടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുന്ന വേളയിൽ, സർക്കാർ ഭരണം ഏറ്റെടുക്കുന്നതിന് മുൻപ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയ്യറാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
“നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചർച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുള്ള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം.”
Read More: രാജന്‍റെയും അമ്പിളിയുടെയും മക്കൾക്ക് വീട് വച്ച് നൽകും, സംരക്ഷണം സർക്കാർ ഏറ്റെടുക്കും
നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നാം പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍ഡിഎഫിനും സര്‍ക്കാരിനും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽഡിഎഫിനും സർക്കാരിനും ഉണ്ട്. ആ കുതിപ്പിന് ദിശാബോധം നൽകാൻ ഈ കാഴ്ചപ്പാടുകൾക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ ഭിന്നതകൾക്കനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുൻഗണനാ ക്രമത്തിൽ കർമ്മ പദ്ധതിയും ഉണ്ടാക്കണം.”
“ഇപ്പോള്‍ നാം കോവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ് അതിനാല്‍ വിപുലമായി പരിപാടികള്‍ പ്രായോഗികമല്ല. പക്ഷേ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മനസിലാക്കിയല്ലാതെ ഭാവികേരളത്തിന് വേണ്ട രൂപ രേഖ പൂര്‍ണതയില്‍ എത്തിക്കാനാകില്ല. അത്തരം ഒരു പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലുമെത്തി വ്യത്യസ്ത മേഖലകളില്‍ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംവദിക്കാന്‍ തീരുമാനിച്ചത്.”
പര്യടനത്തിന്‍റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഒട്ടേറെ ആശയങ്ങൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ഊർജ്ജസ്വലതയും ശുഭാപ്തി വിശ്വാസവും ഉൾക്കൊണ്ട ചർച്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിന്റെ വികസനവും സാമൂഹ്യ പുരോഗതിയും മുൻനിർത്തി സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടന്നു. എല്ലാവരും ക്രിയാത്മകമായി ഇടപെട്ടു. ഇടത് സർക്കാരിന്റെ കേരള വികസനത്തോടുള്ള പ്രതിബദ്ധതയിൽ എല്ലാവരും ആത്മവിശ്വാസം രേഖപ്പെടുത്തി.”