സർക്കാരിന്റെ അഞ്ചാം വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി 100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരിക്ക് ഇടയിലും സന്തോഷകരമായ ഓണം മലയാളികൾക്ക് ഉറപ്പുവരുത്താൻ സർക്കാർ പരിശ്രമിച്ചിട്ടുണ്ട്. കോവിഡിനെ നേരിടുമ്പോൾ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് നാം. പകർച്ചവ്യാധി സമ്പദ്ഘടനടയിലടക്കം ഗൗരവകരമായ തകർച്ച സൃഷ്ടിച്ചു. ഒരു നവ കേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളുമായി മുന്നേറുമ്പോഴാണ് മഹാമാരിയെത്തുന്നത്. അതിനുമുമ്പ് പ്രകൃതി ദുരന്തങ്ങളും നാം നേരിട്ടു.

സർക്കാരിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ നാലാം വാർഷിക ആഘോഷങ്ങൾ കോവിഡ് 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവെച്ചിരുന്നു. എന്നാൽ വികസനത്തി പിന്നോട്ടില്ലെന്നും നൂറു ദിവസത്തിനുള്ളിൽ പൂർത്തികരിക്കുന്ന 100 പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസവും തുടരും

പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ആവിഷ്കരിച്ച വളരെയധികം പ്രശംസ നേടിയതാണ് ഭക്ഷ്യകിറ്റ് വിതരണം. ലോക്ക്ഡൗൺ കാലത്ത് 86 ലക്ഷത്തിലധികം കിറ്റുകളാണെങ്കിൽ ഓണത്തിന് 88 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഈ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസവും തുടരുമെന്ന് മുഖ്യമന്ത്രി.

സാമൂഹിക സുരക്ഷ പെൻഷൻ വർധിപ്പിക്കും, വിതരണം മാസംതോറുമാക്കും

സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ സർക്കരിന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്. യുഡിഎഫ് കാലത്ത് 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിൽ നൽകിയിരുന്ന പെൻഷൻ 1000യും പിന്നീട് 1200, 1300ആയും വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനായി. ഇതിൽ അഭിമാനമുണ്ട്. 35 ലക്ഷത്തിൽ നിന്ന് ഉപഭോക്താക്കളുടെ എണ്ണം 58 ലക്ഷമായി വർധിപ്പിക്കാനും സാധിച്ചു. ഇത് ചെറിയ കാര്യമല്ല. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്.

Also Read: 100 ദിവസത്തിനുള്ളില്‍ 15,000 പുതിയ സംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി

ഇതുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. സാമൂഹിക സുരക്ഷ പെൻഷൻ 100 രൂപ വീതം വർധിപ്പിക്കുന്നതോടൊപ്പം ഇനി പെൻഷൻ മാസംതോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി.

പൊതു ആരോഗ്യ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തും

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതു ആരോഗ്യ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തും. പശ്ചാത്തല സൗകര്യ വികസനം, മനുഷ്യ വിഭവശേഷി വർധിപ്പിക്കൽ എന്നിവയിൽ വലിയ കുതിപ്പുണ്ടാക്കുവാൻ സർക്കാരിനായി. നാഷണൽ ഹെൽത്ത് മിഷൻ 9768 ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. ഇതിനുപുറമെ 1200 ഹൗസ് സർജന്മാരെയും 1152 അഡ്വോക്ക് ജീവനക്കാരെയും നിയമിച്ചു. ഇനിയും ആവശ്യം വന്നാൽ 100 ദിവസത്തിനുള്ളിൽ വേണ്ട ജീവനക്കാരെ കൂടി ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം അര ലക്ഷമാക്കാനും തീരുമാനം.

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ പൂർണ സൗകര്യങ്ങളുള്ള കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. അടുത്ത 100 ദിവസത്തിനുള്ളൽ 153 എണ്ണവും ഉൽഘാടനം ചെയ്യും. 24 പുതിയ കെട്ടിടങ്ങൾ പൂർത്തികരിക്കും. 10 ഡയാലിസിസ് കേന്ദ്രങ്ങളും 2 ആധുനിക ക്യാൻസർ സെന്ററുകളും പ്രവർത്തനം ആരംഭിക്കും.

ജനുവരിയിൽ പൊതു വിദ്യാലയങ്ങൾ തുറക്കും, വിദ്യാർഥികളെത്തുന്നത് മികച്ച പശ്ചാത്തല സൗകര്യത്തിലേക്ക്

2021 ജനുവരിയിൽ പൊതു വിദ്യാലയങ്ങൾ സാധാരണഗതിയിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി. ഒരു വർഷത്തിന് ശേഷം സ്കൂൾ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർഥികളെ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി വരവേൽക്കും.

500ലധികം കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിർമ്മാണം തുടരുന്നു. ഓരോ സ്കൂളിനും 5 കോടി മുടക്കി 35 കെട്ടിടങ്ങളും 3 കോടി മുടക്കി നിർമ്മിക്കുന്ന 14 കെട്ടിടങ്ങളും നൂറു ദിവസത്തിനുള്ളിൽ ഉൽഘാടനം ചെയ്യും.

Also Read: സംസ്ഥാനത്തെ സ്കൂളുകൾ ജനുവരിയിൽ തുറക്കാനായേക്കും; 250 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കും

ഇതിന് പുറമെ നൂറു ദിവസത്തിനുള്ളിൽ 27 സ്കൂൾ കെട്ടിടങ്ങളുടെയും പണി പൂർത്തിയാക്കും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 45000 ക്ലാസ്മുറികൾ ഹൈടെക് ആക്കി മാറ്റി. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കാനുള്ള ശ്രമം തുടരുന്നു. 11400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സ്കൂളുകൾ തുറക്കുമ്പോൾ സജ്ജമാകും.

കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കാനുള്ള പദ്ധതി 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം 10 ഐടിഐകളുടെ ഉൽഘാടനം നടത്തും. 150 പുതിയ കോഴ്സുകൾ സർക്കാർ – എയ്ഡഡ് കോളെജുകളിൽ അനുവദിക്കും. ആദ്യ നൂറു കോഴ്സുകൾ സെപ്റ്റംബർ 10ന് അകം പ്രഖ്യാപിക്കും.

കൂടുതൽ തൊഴിൽ അവസരങ്ങൾ

നൂറു ദിവസത്തിനുള്ളിൽ കോളെജ് ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1000 തസ്തികകൾ സൃഷ്ടിക്കും. അതോടൊപ്പം 15000 നവ സംരംഭങ്ങളിലൂടെ 50000 പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും. സഹകരണ ബാങ്കുകൾ, കുടുംബശ്രീ, എന്നിവ വഴിയായിരിക്കും മുഖ്യ ഏജൻസികൾ.

പിഎസ്‍സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ്‌ ഉണ്ടാക്കാൻ വിദഗ്ദ സമിതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,41,615 പേർക്ക് ഈ സർക്കാർ പിഎസ്‌സി വഴി നിയമനം നൽകിയെന്നും അദ്ദേഹം അറിയിച്ചു. 1451 കോടിയുടെ കിഫ്ബി റോഡുകൾ തുറക്കും. കുണ്ടന്നൂർ – വൈറ്റില പാലങ്ങൾ അടക്കം 11 പാലങ്ങൾ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ പോർട്ട്‌ ഓഫീസ് കെട്ടിടം ഉദാഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവംമ്പര്‍ 1 നുള്ളിൽ 14 ഇനം പച്ചക്കറിക്ക് തറ വില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിക്കാർക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നൽകും. രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങും. 13 വാട്ടർ ഷെഡ് പദ്ധതികൾ. 69 തീര ദേശ റോഡ് ഉത്ഘാടനം ചെയ്യും. ഒന്നരലക്ഷം കുടിവെള്ള കണക്ഷൻ നൽകും. ശബരിമലയിൽ 28 കോടിയുടെ മൂന്ന് പദ്ധതികൾ. 1000 ജനകീയ ഹോട്ടലുകൾ പദ്ധതി കുടുംബശ്രീ പൂർത്തീകരിക്കും. നൂറ് ദിവസത്തിനുള്ളിൽ 25000 വീടുകൾ കൂടി ലൈഫ് വഴി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഗതാഗതം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്കും തുടക്കം കുറിക്കും. 1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും.

Also Read: സംസ്ഥാനത്ത് 2154 പേർക്ക് കൂടി കോവിഡ്; 1766 പേർക്ക് രോഗമുക്തി

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ   41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ്  ചേവാര്‍ ഹില്‍ ഹൈവേ റീച്ച്  എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്. കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,  സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്‌സികള്‍ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. വയനാട് തുരങ്കം റൂട്ടിന്  കൊങ്കണ്‍ റെയില്‍ കേര്‍പ്പറേഷന്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ട്.  ഇന്‍വെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിര്‍വ്വഹണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. തുരങപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

കൃഷി

സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉല്‍പ്പാദനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തില്‍  14 ഇനം പച്ചക്കറികള്‍ക്ക്  തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
500 ടെക്‌നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കന്‍ 50 ഔട്ട്‌ലറ്റുകള്‍കൂടി തുടങ്ങും. മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും. 250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍

അടുത്ത 100 ദിവസത്തിനുള്ളില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും. പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.

ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും. 35 കിലോമീറ്റര്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും. പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും. മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും. അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

കുടിവെള്ളം

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി  വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍,  പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര  ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

വൈദ്യുതി

കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ സബ്‌സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡിസി ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.
വ്യവസായവും ടൂറിസവും ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും. കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്‌സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കും. വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

സ്‌പോര്‍ട്‌സും സംസ്‌കാരവും

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും. കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും,  ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.
ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

പട്ടികജാതി-പട്ടികവര്‍ഗം

പട്ടികജാതി മേഖലയില്‍ 6000 പഠനമുറികള്‍, 1000 സ്പില്‍ ഓവര്‍ വീടുകള്‍, 3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, 700 പേര്‍ക്ക് പുനരധിവാസ സഹായം, 7000 പേര്‍ക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കും.

ഭിന്നശേഷിക്കാര്‍

7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

പാര്‍പ്പിടം

ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

കുടുംബശ്രീ

1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും. 300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും. ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

തദ്ദേശഭരണം

തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മേഖലകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാന്‍ ഫണ്ടില്‍ അധികമായി ലഭ്യമാക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും.

റെഗുലേറ്ററി വകുപ്പുകള്‍
15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്‌വെയര്‍ കുറ്റമറ്റതാക്കും.

മറ്റു പരിപാടികള്‍

വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്‌സുകള്‍ നടത്താന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.
100 ദിവസങ്ങള്‍കൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നടപ്പാക്കുക മാത്രമല്ല, പുതിയകാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ഇവിടെ പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവര്‍ത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളില്‍അവലോകനം ചെയ്യും. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കു  നല്‍കാനുള്ള ഓണ സമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിമായി പൂര്‍ത്തിയാക്കും എന്ന ഉറപ്പുമാണ്.

മൊറട്ടോറിയം

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 നു അവസാനിക്കുകയാണ്. കോവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു.

സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം എസ് എം ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത്  അനിവാര്യമാണ്. മൊറട്ടോറിയം കാലയളവില്‍ വന്നു ചേര്‍ന്ന ഭീമമായ പലിശയും ഇത്തരക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും,  പലിശയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.