scorecardresearch

വിദേശയാത്രയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം; 10 യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കാളിത്തം: മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയിലേക്ക് കുടിയേറുന്നത് എളുപ്പമാക്കാനുള്ള ചര്‍ച്ചകളുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു

വിദേശയാത്രയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം; 10 യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കാളിത്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “പഠനഗവേഷണം മുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വരെ ലക്ഷ്യമിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയിലേക്ക് കുടിയേറുന്നത് എളുപ്പമാക്കാനുള്ള ചര്‍ച്ചകളുണ്ടായി. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും,” മുഖ്യമന്ത്രി വ്യക്തമാക്കി.

പഠനഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാര്‍ത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടായത്.

വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകള്‍, വിദ്യാര്‍ഥി കുടിയേറ്റം, യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റ്, പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവര്‍ത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നാട്ടില്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സ്കില്‍ മാപ്പിംഗ് ഉള്‍പ്പെടെ സാധ്യമാക്കുന്ന രീതിയില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തു. ഈ നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭാ സെക്രട്ടറിയേറ്റ് പരിശോധിച്ച് സര്‍ക്കാരിനു കൈമാറും.

സമ്മേളനത്തില്‍ വച്ച് കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഇടപെടല്‍ സാധ്യമായി. ഇതിനു വേണ്ടി, യു.കെ.യിലെ ദേശീയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍റഗ്രേറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒന്നായ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ ഷെയറിലെ ഹെല്‍ത്ത് സര്‍വീസിന്‍റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ 1-ന് യു.കെയില്‍ നിയമം മൂലം നിലവില്‍ വന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുകള്‍. ഈ ധാരണാപത്രത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിരുന്നു. അവരുടെ ഭേദഗതികള്‍ കൂടി ഉള്‍ക്കൊള്ളിച്ച ധാരണാപത്രമാണ് ഒപ്പുവച്ച് ചടങ്ങില്‍ കൈമാറിയത്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്ക് ഇതുവഴി തൊഴില്‍ സാധ്യത തെളിയും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുകെയില്‍ 42,000 നഴ്സുമാരെ ആവശ്യം വരുമെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അതില്‍ മുപ്പതു ശതമാനവും മാനസിക പരിചരണ രംഗത്താണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇത്തരം ജോലികളിലേക്ക് നേരത്തെ എത്തിയിരുന്നത്. ബ്രെക്സിറ്റ് വന്നതോടെ ആ സാധ്യത അടഞ്ഞു. അതുകൊണ്ടാണ് നമ്മുടെ നഴ്സുമാരുള്‍പ്പെടേയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ അവസരം ലഭ്യമാകുന്നത്. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തും.

ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്സിങ്ങ് പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്‍റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഓ ഇ ടി /ഐ ഇ എല്‍ ടി എസ് എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെ, ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതിനും നോര്‍ക്ക റൂട്ട്സ് വഴി അവസരമൊരുങ്ങും. ഓഫര്‍ ലെറ്റര്‍ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാല്‍ മതിയാകും.

ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച പുരോഗതിയുടെ തെളിവാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഗോള തൊഴില്‍ മേഖലയില്‍ ലഭിക്കുന്ന അവസരങ്ങളും ആദരവും. ഇനിയും അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കോവിഡാനന്തരം ആ ഡിമാന്‍റ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ തൊഴിലവസരങ്ങള്‍ പരമാവധി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്‍റുകള്‍, വീസ തട്ടിപ്പുകള്‍, മനുഷ്യക്കടത്ത് എന്നിവ സമീപകാലത്ത് നാം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഇത് തടയാന്‍ ‘ഓപ്പറേഷന്‍ ശുഭയാത്ര’ എന്ന പ്രത്യേക പരിപാടി തന്നെ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്മെന്‍റ് സാധ്യമാവുക എന്ന നമ്മുടെ ആവശ്യം സാധ്യമാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ് യുകെ സന്ദര്‍ശനത്തിലെ നേട്ടങ്ങള്‍.

ലണ്ടനില്‍ വെച്ച് ലോര്‍ഡ് മേയര്‍ ഓഫ് ലണ്ടനുമായി കൂട്ടിക്കാഴ്ച നടത്തി. ഫിന്‍ടെക്ക് സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റവുമായി സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും കേരളത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിഅ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan press conference updates