തിരുവനന്തപുരം: എയർഫോഴ്സ് വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തി സമാധാനത്തിന്റെ സന്ദേശം നൽകിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയ്ക്ക് കൈമാറാനായി അഭിനന്ദിനെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. അഭിനന്ദിനായി പ്രത്യേക വിമാനം പാകിസ്താനിലേക്ക് അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാകിസ്താൻ ഇത് നിഷേധിക്കുകയായിരുന്നു.വൻസുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ലാഹോറിൽ നിന്ന് വാഗാ- അത്താരി അതിർത്തിയിലേക്കുള്ള വഴിയിൽ ഇന്ത്യൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇൻറലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.
വ്യോമസേന കമാൻഡറെ ഉച്ചക്ക് രണ്ട് മണിയോടെ കൈമാറുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇത് നീണ്ടു പോവുകയായിരുന്നു. അഭിനന്ദനെ സ്വീകരിക്കാനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും മാതാപിതാക്കളും നൂറുകണക്കിന് ആളുകളും വാഗാ അതിർത്തിയിൽ എത്തിയിരുന്നു.അഭിനന്ദിനെ സ്വാഗതം ചെയ്യാൻ 20,000ത്തോളം ഇന്ത്യക്കാർ വാഗാ അതിർത്തിയിൽ എത്തിയിരുന്നു.