തിരുവന്തപുരം: ‘ചെലൊൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല’ എന്ന ഡയലോഗ് മലയാളികളെക്കൊണ്ട് ഏറ്റ് പറയിപ്പിച്ച ഫയാസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന് ശുഭാപ്തി വിശ്വാസം പകരുന്നതിനുള്ള ഉത്തരവാദിത്വം കുഞ്ഞുങ്ങൾ ഏറ്റെടുത്ത് കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കുഞ്ഞിന്‍റെ നിഷ്കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്‍റെ തന്നെ മുദ്രാവാക്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

“എത്ര വലിയ പ്രശ്നങ്ങള്‍ക്കു നടുവിലും തളരാതെ മുന്നോട്ടുപോകാന്‍ ഒരു സമൂഹത്തിന്‍റെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഈ ഘട്ടത്തില്‍ നമ്മളെല്ലാവരും പരസ്പരം പ്രചോദിപ്പിച്ചേ തീരൂ. ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണ്.”

Read More: ‘ചേലോൽത്’ അല്ല എല്ലാം ശരിയാകും; മിൽമയുടെ സമ്മാനത്തുക ഫായിസ് ഇന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകും

“നാലാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫയാസ് എന്ന കൊച്ചുമിടുക്കന്‍റെ വാക്കുകള്‍ നമ്മളൊന്നാകെ സ്വീകരിച്ച് ഹൃദയത്തോടു ചേര്‍ത്തതും മറ്റൊന്നും കൊണ്ടുമല്ല. പരാജയങ്ങള്‍ക്ക് മുന്നില്‍ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാന്‍ ഓര്‍മിപ്പിക്കുന്ന ആ കുഞ്ഞിന്‍റെ നിഷ്കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്‍റെ തന്നെ മുദ്രാവാക്യമായി മാറി,” മുഖ്യമന്ത്രി പറഞ്ഞു.

തന്റെ വാക്കുകൾ പരസ്യ വാചകമായി ഉപയോഗിച്ച മിൽമയിൽ നിന്നും ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഫയാസിന്റെ നടപടിയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. “ഫയാസ് തന്‍റെ ചിന്തകളെ വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തികളിലൂടെ മാതൃക തീര്‍ക്കുക കൂടി ചെയ്തിരിക്കുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നു. ഇന്ന് മലപ്പുറം കലക്ടര്‍ അത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. ബാക്കി തുക ഒരു നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു,”

“ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹികബോധമാണ് ഒരു കൊച്ചുകുട്ടി നമുക്ക് പകര്‍ന്നു തന്നത്. ആ പ്രതീക്ഷയും ദയാവായ്പുമാണ് നമ്മെ നയിക്കേണ്ടത്. ഫയാസിനേയും അവനു പിന്തുണ നല്‍കിയ രക്ഷിതാക്കളേയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ‘ചെലോൽത് റെഡി ആകും, ചെലോൽത് റെഡി ആകൂല’; പ്രചോദനമാണ് ഈ മിടുക്കൻ

ഇന്നാണ് ഫയാസ് തനിക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഫായിസിന്റെ വാക്കുകൾ മിൽമ പരസ്യ വാചകമാക്കിയിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കുട്ടിത്താരത്തിന് സമ്മാനവുമായി മിൽമ എത്തിയത്. പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടി.വിയും മിൽമയുടെ എല്ലാ ഉൽപ്പന്നങ്ങളുമാണ് ഫായിസിന്‍റെ വീട്ടിലെത്തി കൈമാറിയത്. സമ്മാനത്തുക ലഭിച്ചയുടൻ തന്നെ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഫായിസും കുടുംബവും തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.