തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി. മുഖ്യമന്ത്രിയും സംഘവും ശനിയാഴ്ച രാത്രിയോടെ ഫിന്ലിന്ഡിലേക്കു പോകാനിരിക്കുകയായിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോടിയേരിയുടെ ആരോഗ്യനില വഷളായെന്ന വിവരത്തിനു പിന്നാലെ മുഖ്യമന്ത്രി യൂറോപ്പ് യാത്ര മാറ്റുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിക്കാൻ തീരുമാനിച്ചു. ഇതിനുപിന്നാലെ രാത്രി എട്ടരയോടെയാണു കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. മുഖ്യമന്ത്രി നാളെ കണ്ണൂരിലേക്കു പോകും.
കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച തലശേരിയിലെത്തിക്കും. ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും മൂന്നിനു രാവിലെ 11 മുതൽ സി പി എം ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനു വയ,ക്കും. വൈകിട്ട് മൂന്നിനു പയ്യാമ്പലത്താണു സംസ്കാരം.
ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെയാണു മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഫിന്‍ലന്‍ഡ്, നോര്‍വേ, യു കെ രാജ്യങ്ങളിലായിരുന്നു സന്ദര്‍ശനം.
രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു കെ എന്നിങ്ങനെയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഡല്‍ഹി വഴിയാണു ഫിന്‍ലാന്‍ഡിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തിരുന്നത്.
ഫിന്ലാന്ഡില് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയും ചീഫ് സെക്രട്ടറിയും നോര്‍വേയില്‍ മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും യു കെയില്‍ മന്ത്രി വീണ ജോര്‍ജും മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശിക്കാനിരുന്നതായിരുന്നു.