തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രിയും, എംപിയും. മാതൃഭൂമി മാനേജിങ്ങ് ഡയരക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന വർഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു വീരേന്ദ്രകുമാർ എന്ന് മുഖ്യമന്ത്രി കുറിച്ചു.

Read More: ‘എന്റെ ഹൃദയത്തിലെ ബന്ധു’; വീരേന്ദ്രകുമാറിനെ ഓർത്ത് മമ്മൂട്ടി

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തിൽ പങ്കെടുത്ത്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന വർഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
ആ വേർപാടിൽ അദ്ദേഹത്തിൻറെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉള്ള തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു.

1997ലെ ഐകെ ഗുജ്റാൾ മന്ത്രി സഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു എംപി വീരേന്ദ്രകുമാർ. പിന്നീട് സ്വതന്ത്ര ചുമതലയോടെ തൊഴിൽ സഹമന്ത്രിയായി.നഗര കാര്യം, പാർലമെന്ററി കാര്യ വകുപ്പുകളുടെ അധിക ചുമതലയുമുണ്ടായിരുന്നു.

1996, 2004 പൊതു തിരഞ്ഞെടുപ്പുകളിൽ കോഴിക്കോട് നിന്നും ലോകസഭയിലെത്തി. 1991ൽ കോഴിക്കോട് നിന്ന് ആദ്യമായി ലോക്സഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനോട് പരാജയപ്പെട്ടു. 2014 പൊതു തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിന്റെ എംബി രാജേഷിനോട് പരാജയപ്പെട്ടു.

987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. എന്നാൽ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

2018 മുതൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook