തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളിലെ സമരം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയാറാണെന്നും അറിയിച്ചു.
വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങൾ സ്കൂളുകളിലും ഗോഡൗണുകളിലുമായി താമസിച്ച് വരുന്നുണ്ട്. 159 കുടുംബങ്ങൾക്ക് വലിയതുറ ഗ്രൗണ്ടിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, അവിടെയുള്ള പ്രാദേശികമായ ചില ആവശ്യങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. വാടക നിശ്ചിയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.
പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല ജനവിരുദ്ധം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നിര്‍മ്മാണം കൊണ്ട് കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ലെന്നാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സഭയെ അറിയിച്ചു.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. “സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമാണ് കെ റെയില്‍. പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്,” മുഖ്യമന്ത്രി അറിയിച്ചു.
“പദ്ധതിക്ക് അനുമതി നല്‍കേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാക്കാലത്തും അനുമതി നല്‍കില്ലെന്ന് പറയാന്‍ സാധിക്കില്ല. സംസ്ഥാനത്തിന് അര്‍ധ അതിവേഗ റെയില്‍ ആവശ്യമാണ്. അതിന് എന്ത് പേരിട്ടാലും പ്രശ്നമില്ല. നാടിനാവശ്യമാണ് ഈ പദ്ധതി. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണ്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടി മധുകൊലക്കേസില്‍ നീതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കും. സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.