തിരുവനന്തപുരം: ശബരിമല സന്നിധാനത്തിൽ​ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് മെഗാഫോൺ നൽകിയ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സന്നിധാനത്ത് പ്രതിഷേധം അക്രമാസക്തമായപ്പോൾ അനുയായികളെ നിയന്ത്രിക്കുന്നതിനായാണ് വത്സൻ തില്ലങ്കേരിക്ക് പൊലീസ് മെഗാഫോൺ നൽകിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയത്.

52 വയസ്സുള്ള​ സ്ത്രി ദർശനത്തിനെത്തിയപ്പോൾ പ്രതിഷേധം അക്രമാസക്തമായി. ഇതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുമാണ് പൊലീസ് വത്സൻ തില്ലങ്കേരിക്ക് മെഗാഫോൺ നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷം ആർഎസ്എസ് -ബിജെപി നേതാക്കൾക്ക് കൂടൂതൽ പരിഗണന ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചത്. കോൺഗ്രസ് അംഗം അനിൽ അക്കരയാണ് ചോദ്യം ഉന്നയിച്ചത്.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനി ലളിത എന്ന 52 വയസ്സുകാരിക്ക് നേരെ പ്രതിഷേധമുണ്ടായി. ദേഹോപദ്രവം ഏൽപ്പിക്കുന്ന തരത്തിൽ പ്രതിഷേധം അക്രമാസക്തമായി. ഇതോടെയാണ് പൊലീസ് മെഗാഫോണിൽ വത്സൻ തില്ലങ്കേരി പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് വത്സൻ തില്ലങ്കേരിക്ക് പൊലീസ് മെഗാഫോൺ നൽകിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിക്ക് സമാനമായ മറുപടിയാണ് സിപിഎം നേതൃത്വവും നൽകിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.