scorecardresearch

നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമം; പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു

Pinarayi Vijayan, Silver line

കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഗുരുതര ആരോപണങ്ങളുമായി സിപിഎം

മുഖ്യമന്ത്രി ആര്‍എസ്എസ്-ബിജെപി നേതൃത്വത്തെ പേരെടുത്ത് വിമര്‍ശിക്കാതിരുന്നപ്പോള്‍ സിപിഎം ആരോപണം ശക്തമാക്കി. കാലാപഭൂമിയാക്കാനുള്ള ആര്‍.എസ്‌.എസ്‌ – ബി.ജെ.പി ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട്‌ പേരെ വകവരുത്തുമെന്ന്‌ കഴിഞ്ഞ ദിവസം ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷ്‌ കൊലവിളി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ്‌ ഹരിദാസിനെ കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്‌എസുകാര്‍ അക്രമം നടത്താനുള്ള വിവിധ പദ്ധതികളാണ്‌ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.

കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നത്‌. ഇതിന്റെ മുന്നോടിയായി രണ്ട്‌ മാസം മുന്‍പ്‌ കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍എസ്എസുകാര്‍ക്കായി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി നടത്തി. മൂവായിരത്തില്‍ അധികം ആളുകളാണ്‌ ആ പരിപാടിയില്‍ പങ്കെടുത്തത്‌.

ഈ അടുത്ത സമയത്ത്‌ ആര്‍എസ്‌എസ്‌ – ബി.ജെ.പി സംഘവും മറ്റു രാഷ്ട്രീയപാര്‍ടികളും സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം ആക്രമണം നടത്തുകയാണ്‌. കഴിഞ്ഞ അഞ്ചര വര്‍ഷ കാലയളവില്‍ ഹരിദാസടക്കം 22 പ്രവര്‍ത്തകരെയാണ്‌ പാര്‍ട്ടിയ്ക്ക് നഷ്ടമായത്‌. ഇതില്‍ 16 പേരെ കൊലപ്പെടുത്തിയതും ആര്‍എസ്‌എസാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി സിപിഎമ്മിനെ വിറപ്പിക്കാമെന്ന്‌ ആര്‍എസ്‌എസുകാര്‍ കരുതേണ്ട. ഇത്തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചുകൊണ്ടാണ്‌ കേരളത്തില്‍ സിപിഎം വളര്‍ന്നുവന്നത്. കണ്ണൂരിലും ഇത്തരത്തിലുള്ള അക്രമങ്ങളെ മുറിച്ച്‌ കടന്നാണ്‌ പാര്‍ട്ടി വളര്‍ന്നത്‌. ഇതിനെയും അതിജീവിക്കാനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Also Read: ഹരിദാസന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍; ഏഴു പേര്‍ കസ്റ്റഡിയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan on thalassery murder case