തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ ക്ലാസിൽ വച്ച് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം ദുഖകരമെന്നും വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചത്.

ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും പാമ്പുകടിയേറ്റ കുട്ടിക്കു യഥാസമയം അടിയന്തര ചികിത്സ ലക്ഷ്യമാക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നു പി. സുരേഷ് അറിയിച്ചു.

സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞത്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യക്തത വരാൻ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്​കൂൾ കെട്ടിടം പുതുക്കിപണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്​തമാക്കി. നിലവിൽ സ്കൂളിലെ ക്ലാസ്മുറികളിലുള്ള കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെരിപ്പിടാതെ ക്ലാസ് മുറിയിലിരിക്കണമെന്ന തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.