/indian-express-malayalam/media/media_files/uploads/2023/09/Pinarayi.jpg)
Photo: Screengrab
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. ദല്ലാള്‍ നന്ദകുമാറിനെ നന്നായി അറിയുന്നത് യുഡിഎഫിനാണ്. കേരള ഹൗസില്‍ വച്ച് ദല്ലാളിനോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ട വ്യക്തിയാണ് ഞാന്‍," മുഖ്യമന്ത്രി പറഞ്ഞു.
"അങ്ങനെയൊന്ന് പറയാന്‍ വിജയന് മടിയില്ല. ല്ലാൾ തന്റെ അടുത്തു വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണ്. തന്റെ എടുത്ത് അത്ര പെട്ടെന്ന് വരാനുള്ള മാനസികാവസ്ഥ ദല്ലാളിനുണ്ടാകില്ല. മറ്റ് പലയിടത്തും പോയിട്ടുണ്ടാകും. സോളാര്‍ കേസില്‍ താന്‍ പ്രത്യേക താല്‍പ്പര്യം കാണിച്ചു എന്നത് ശരിയല്ല. രാഷ്ട്രീയ താല്‍പ്പര്യത്തോടെയല്ല കേസിനെ സമീപിച്ചത്," മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
"സോളാറിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മൻ ചാണ്ടിക്കെതിരെ മുൻപ് ആരോപണം ഉന്നയിച്ചത് മുൻ ചീഫ് വിപ്പ് പിസി ജോർജാണ്. ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അന്വേഷണം ബുദ്ധിമുട്ടാണ്. റിപ്പോർട്ടിൽ നിയമ പരിശോധന നടത്താവുന്നതാണ്," മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മാസപ്പടി വിവാദത്തില്‍ അഞ്ച് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി
1) എക്‌സാലോജിക് കമ്പനി അതിന്റെ ബിസിനസ്സിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് ബിസിനസ്സ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സി എം ആര്‍ എല്‍.
(2) സി എം ആര്‍ എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജി എസ് ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്. മറിച്ച് പരിശോധനയിലോ അന്വേഷണത്തിലോ കണ്ടെത്തിയ വസ്തുതയല്ല ഇത്.
(3) വകുപ്പിലെ 132 (4) ലെ സത്യപ്രസ്താവനയിലെ തെളിവുമൂല്യം അപരിമിതമല്ല. നികുതിനിര്‍ണ്ണയം നടത്തുന്ന ഉദ്യോസ്ഥനുമുമ്പാകെയോ സെറ്റില്‍മെന്റ് ബോര്‍ഡിനു മുമ്പാകയോ ഈ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടു മാത്രം ഒരു നിഗമനത്തിലെത്തിച്ചേരുന്നത് നിയമപരമായി ശരിയല്ല. ഒരു പരിശോധനയുടെ ഭാഗമായി മറ്റൊരു വ്യക്തിക്കെതിരെ ഒരു സത്യപ്രസ്താവനയില്‍ പരാമര്‍ശമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ഭാഗം കേള്‍ക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം സ്വാഭാവിക നീതി നടപ്പാക്കാന്‍ ബാധ്യസ്ഥരായ ജുഡീഷ്യല്‍, അര്‍ദ്ധ ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് അധികാരികളുടെ മേല്‍ നിക്ഷിപ്തമാണ്. അതിവിടെ നടന്നിട്ടില്ല. തെളിവു നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം മറുഭാഗം കേള്‍ക്കാതെ നടത്തുന്ന നിരീക്ഷണങ്ങള്‍ക്ക് ഒരു ജുഡീഷ്യല്‍ മൂല്യം കല്‍പ്പിക്കാനാവില്ല.
(4) മേല്‍പ്പറഞ്ഞ സത്യപ്രസ്താവന പ്രസ്താവന നല്‍കിയവര്‍ പിന്നീട് സ്വമേധയാ പിന്‍വലിച്ചിട്ടുണ്ടെന്ന വസ്തുത ഇന്ററിം സെറ്റില്‍മെന്റിന്റെ ഉത്തരവില്‍തന്നെ പറഞ്ഞിട്ടുള്ളതായി മനസ്സിലാക്കുന്നു. ഈ പിന്‍വലിക്കല്‍ നിലനില്‍ക്കില്ലായെന്ന ആദായനികുതി വകുപ്പിന്റെ വാദഗതി യാതൊരു വിശകലനവും കൂടാതെ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ സ്വീകരിച്ചതായാണ് കാണപ്പെടുന്നത്.
(5) സത്യപ്രസ്താവന നല്‍കുന്ന വ്യക്തിക്ക് ആദായനികുതി പരിശോധനാ സമയത്ത് അതിന്റെ പകര്‍പ്പ് ലഭ്യമാകുന്നില്ല. പരിശോധനയ്ക്കു മദ്ധ്യേ പലവിധ സമ്മര്‍ദ്ദങ്ങളാലും നല്‍കപ്പെടുന്ന പ്രസ്താവനകള്‍ പിന്നീട് പിന്‍വലിക്കപ്പെടുന്നുണ്ട്. പകര്‍പ്പ് ലഭ്യമായപ്പോള്‍ അത് വായിച്ചുമനസ്സിലാക്കി പിന്‍വലിച്ച പ്രസ്താവനയെയാണ് ആത്യന്തിക സത്യമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇക്കാര്യങ്ങള്‍ നിലനില്‍ക്കെത്തന്നെ അഴിമതിനിരോധന നിയമത്തെപ്പറ്റി ആരോപണത്തില്‍ പറയുകയാണ്. ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ (public servant) എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം (whisper) പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോ?
സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം പത്രമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. കെ എസ് ഐ ഡി സിക്ക് സി എം ആര്‍ എല്ലില്‍ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം. കെ എസ് ഐ ഡി സിക്ക് സി എം ആര്‍ എല്ലില്‍ മാത്രമല്ല നാല്‍പ്പതോളം കമ്പനികളില്‍ ഓഹരിയുണ്ട്. സി എം ആര്‍ എല്ലില്‍ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991 ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സി എം ആര്‍ എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെ എസ് ഐ ഡി സിക്ക് യാതൊരു പങ്കുമില്ല എന്നതും ഇവിടെ കാണേണ്ടതുണ്ട്.
'മാസപ്പടി' എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.
കെ ഫോണ്‍ ആരോപണങ്ങള്‍ക്കും മറുപടി
കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വ്വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബി.ഇ.എല്‍) ആണ്. ബി.ഇ.എല്‍, റെയില്‍ ടെല്‍, എസ്.ആര്‍.ഐ.ടി, എല്‍.എസ്. കേബിള്‍സ് എന്നിവയുടെ കണ്‍സോര്‍ഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാഥമിക സര്‍വ്വേ നടപടികളും വിശദമായ പ്രോജക്ട് അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യവുമായി 2019 മാര്‍ച്ച് 8 ന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് ശൃംഖല ഒരുക്കുന്നതിനാണ് കരാര്‍.
അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തില്‍ പ്രത്യേക ടെണ്ടര്‍ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രണ്ടു വര്‍ഷത്തോളം പ്രതികൂലമായി ബാധിച്ചു.
ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസ്സങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ചിലവും ഒരു വര്‍ഷത്തെ പരിപാലന ചിലവായ 104 കോടി രൂപയും ഉള്‍പ്പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നാല്‍ ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചിലവും കൂടി ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം 7 വര്‍ഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരും. എന്നാല്‍, ബി ഇ എല്‍ ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്.
ഇതും ജി എസ് ടിയും കൂടി ഉള്‍പ്പെട്ട തുകയായ 1,628.35 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയത്. 7 വര്‍ഷത്തെ പരിപാലന ചിലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ പരിപാലന ചിലവിന്റെ തുക ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പരിപാലന ചിലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍ നിന്നും തിരിച്ചടയ്ക്കും. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. ആയതിനാല്‍, സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.
നടപടി ക്രമങ്ങളെല്ലാം പൂര്‍ണ്ണമായും പാലിച്ചാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിളുകള്‍ കരാറുകാര്‍ നല്‍കിയിട്ടുള്ളതെന്ന് ടെക്‌നിക്കല്‍ കെ-ഫോണ്‍ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.