തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്റ റിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലെഫ്റ്റനന്റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ ആൻഡ് റസ്ക്യൂ, എന്‍ ഡി ആര് എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാര്‍ തുടങ്ങിയ എല്ലാവര്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന് പിന്നാലെയായിരുന്നു സൈന്യം എത്തിയത്.
ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെയോടെയാണ് പുനരാരംഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള സംഘം ബാബുവിനെ മലയുടെ മുകളില്‍ എത്തിച്ചു. വടം ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. സൈന്യത്തിന്റെ ഭാഗത്ത് നിന്ന് മലയുടെ മുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തനശ്രമം നടന്നിരുന്നു.
അപകടം നടന്നത്
തിങ്കളാഴ്ച സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീഴ്ചയില്‍ കാലിന് പരുക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു നല്‍കുകയും ചെയ്തു.
സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തകര്‍ ബാബുവിന്റെ അടുത്തെത്തി സംസാരിച്ചിരുന്നു. വെളിച്ചക്കുറവും ഭൂമിയുടെ കിടപ്പുവശവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതോടെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Also Read: കാലില്‍ ചെറിയ മുറിവുണ്ടെന്ന് അവന് പറഞ്ഞിരുന്നു; പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്: ബാബുവിന്റെ അമ്മ