തിരുവനന്തപുരം: പിഎസ്‌സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് തകർക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കോളെജിലെ കുത്തുകേസ് പ്രതികള്‍ പിഎസ്‌സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക്‌ലിസ്റ്റില്‍ എത്തിയതുമായി ബന്ധപ്പെട്ട് പിഎസ്‌സിയെ സംശയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായതായി പിഎസ്‍സി വിജിലൻസ് കണ്ടെത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണമുയര്‍ന്ന് 15 ദിവസത്തിനകം അത് കണ്ടെത്തി. പരീക്ഷാക്രമക്കേടിൽ ഉൾപ്പെട്ട എല്ലാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. 2003ലും 2010 ലും എല്‍ഡിസി,എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ശ്രീറാമിന്റെ കാര്യത്തിലെ പൊലീസ് വീഴ്ച പരിശോധിക്കും: മുഖ്യമന്ത്രി

ഇരുനൂറോളം പരീക്ഷകള്‍ ഒരു വര്‍ഷം നടത്തുകയും ഒരുകോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്ന വലിയൊരു സ്ഥാപനമാണ് പിഎസ്‌സിയെന്നും അദ്ദേഹം പറഞ്ഞു. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഇത്രയധികം അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ഒരു പിഎസ്‌സിയും മറ്റൊരു സംസ്ഥാനത്തുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സിക്ക് പരീക്ഷാ നടത്തിപ്പിന് വ്യക്തമായ നടപടിക്രമങ്ങളും ചടങ്ങളും ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇവിടെ പിഎസ്‌സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഉയര്‍ന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.

Also Read: പിഎസ്‌സി പരീക്ഷ ക്രമക്കേട്: ആദ്യ റാങ്കുകാരെ കുറിച്ച് വിശദമായ അന്വേഷണം നടത്തും

പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തണമെന്ന നിര്‍ബന്ധം പിഎസ്‌സിക്കുണ്ട്. വിശ്വാസ്യത നിലനിര്‍ത്തുന്നതിന് അതിനകത്തുതന്നെ സംവിധാനങ്ങളുണ്ട്. അതുപയോഗിച്ചാണ് അവര്‍ ഇക്കാര്യങ്ങള്‍ നടത്തുന്നത്. പരീക്ഷാ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഉന്നയിച്ചത് പി‌എസ്‌സിയാണെന്നും അതിന്റെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി. കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.