സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നടക്കുന്ന സമരങ്ങൾ വൈറസ് വ്യാപനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങൾ തടഞ്ഞ 101 പൊലീസുകാർക്ക് കോവിഡ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഉണ്ടാക്കികൊണ്ടുള്ള സമരങ്ങളും. നിരന്തരം ഈ പ്രശ്നം ചൂണ്ടികാണിച്ചിട്ടും സമരം നടത്തുന്നവർ ഗൗരവകരമായ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനൊപ്പം ജിവിക്കേണ്ട ഈ ഘട്ടത്തിൽ മുമ്പുണ്ടായിരുന്ന ജീവിതത്തെ നാം അടിമുടി മാറ്റിയിട്ടുണ്ട്. യോഗങ്ങൾ, വിദ്യാഭ്യാസം, വിവാഹം, കടകളുടെ പ്രവർത്തനം ഇങ്ങനെ എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ സഹായകമായ രീതിയിലാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് പ്രതിപക്ഷ സംഘടനകൾ സമരങ്ങളെന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Read More: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ: സർക്കാർ ഓഫീസുകളിൽ 100 ശതമാനം ഹാജർ, ക്വാറന്റൈൻ ചട്ടത്തിൽ മാറ്റം

ഇതിന്റെ ഫലമായി സമരങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് നിർഭാഗ്യകരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾ തടയാൻ നിയുക്തരായ 101 പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരു ഡിവൈഎസ്‌പി, ഒരു ഇൻസ്‌പെക്ടർ, 12 സബ് ഇൻസ്‌പെക്ടർമാർ, 71 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, 8 സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164 പ്രൈമറി കോൺഡാക്ടാണുള്ളത്. 171 പേരാണ് നിരീക്ഷണത്തിൽ.

സഹപ്രവർത്തകർക്ക് അസുഃഖം ബാധിക്കുന്നതിനാൽ നിരവധി പൊലീസുകാർ ക്വാറന്റൈനിലാകുന്നു. കോവിഡ് പ്രതിരോധത്തിൽ ഇത് വെല്ലുവിളിയാണ്. കോവിഡ് പ്രൊട്ടോകോൾ പാലിക്കാതെയാണ് സമരങ്ങൾ. എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദിത്വത്തതോടെ പെരുമാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read More: പാലാരിവട്ടം പാലം പൊളിച്ചുപണിയാം; സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ അനുമതി

കോവിഡ് വ്യാപനം തടയുന്നതിന് അക്ഷീണം പരിശ്രമിക്കുന്ന സേനയാണ് പൊലീസ്. അതിന് പ്രത്യുപകാരമായി അവർക്കിടയിൽ രോഗം പടർത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലായെന്ന് എല്ലാവരും തിരിച്ചറിയണം. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനുകില്ല. എന്നാൽ പ്രതിഷേധിക്കുന്നവർ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തികൊണ്ട് ചെയ്യുന്നതിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമസമരം നടത്തിയാലെ മാധ്യമശ്രദ്ധ ലഭിക്കുവെന്നുള്ള ചിന്ത മാറിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുവെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നമ്മുടെ സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും അതിന് ആവശ്യമായ ജാഗ്രത സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.