scorecardresearch

'വിഴിഞ്ഞം തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നത് ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കാം'

സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും

സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും

author-image
WebDesk
New Update
Pinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം

ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാഥാര്‍ത്ഥ്യം മനസിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് സര്‍ക്കാരിന്റെ അപേക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment

സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും. ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണം. 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ചത്.

കേന്ദ്രസര്‍ക്കാരിന്‍റെ അക്രഡിറ്റഡ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഈ പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതിപ്രദേശത്തിന്‍റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ 6 മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ഷോര്‍ലൈന്‍ നിരീക്ഷിക്കുവാന്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്.

Advertisment

ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടും ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്‍റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍

  1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക.
  2. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക.
  3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക.
  4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക.
  5. മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ ഇടപെടുക; തമിഴ് നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക.
  6. കാലാവാസ്ഥാ മുന്നറിയിപ്പ് കാരണം കടലില്‍ പോകുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക.
  7. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.

സമരക്കാരുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗം എണ്ണത്തിലും സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ചര്‍ച്ചകളില്‍ മത്സ്യതൊഴിലാളികള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Vizhinjam Port Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: