തിരുവനന്തപുരം∙ ലോകായുക്ത നിയമഭേദഗതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കേരളത്തിലെ ലോകായുക്തയിലെ പോലെയുള്ള വ്യവസ്ഥകൾ ഉണ്ടായിരുന്നില്ലെന്നും അതിൽ മാറ്റം വേണമെന്ന നിയമോപദേശത്തെ തുടർന്നാണ് സർക്കാർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയും നിയമനിര്‍മാണസഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയില്‍ നേരത്തെയുള്ള ചില വ്യവസ്ഥകള്‍. അതുകൊണ്ടാണ് രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ ഈ വ്യവസ്ഥ ഇല്ലാതിരുന്നത്. ലോക്പാൽ നിയമത്തിലും ഇതിനു സമാനമായ വ്യവസ്ഥായില്ല. ജുഡീഷ്യറിയുടെ അധികാരം അതിൽ തന്നെ നിലനിർത്തണം എന്നത് കൊണ്ടാണ് അതെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
അത്തരത്തിലുള്ള നിയമത്തില്‍ ഒരുമാറ്റം ആവശ്യമാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിൽ മേലുള്ള സ്വാഭാവിക നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമഭേദഗതിയിൽ സിപിഐക്ക് ഉള്ള എതിർപ്പിൽ അവരുമായി ചർച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read: കെ-ഫോൺ ഉടൻ, പുതിയ നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ആകെ 1557 പദ്ധതികള്‍