/indian-express-malayalam/media/media_files/uploads/2021/05/cm-pinarayi-vijayan-on-lockdown-and-covid-crisis-494774-FI.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തയാഴ്ച കിറ്റ് വിതരണം ചെയ്യും. അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ മുതല്‍ കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ചുകെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും.
45 വയസിനു താഴെയുള്ളവര്‍ക്കു ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ല. രോഗമുള്ളവര്‍ക്കും വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും.
വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്കു സാധ്യത കൂടുതലാണ്. വീട്ടിനുളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം.
അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍ നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഓക്സിജന്‍ കാര്യത്തില്‍ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാന്‍ വാര്‍ റും ഉണ്ടാകും.
അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തുപോകുന്നവര്‍ പൊലീസില്‍നിന്ന് പാസ് വാങ്ങണം. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. വാര്‍ഡുതല സമിതിയിലുള്ളര്‍ക്കു സഞ്ചരിക്കാന്‍ പാസ് അനുവദിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെയു മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും. ഹാര്‍ബര്‍ ലേലം പൂര്‍ണമായി ഒഴിവാക്കാനും നിര്‍ദേശമുണ്ട്
Also Read: ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
വര്‍ക് ഷോപ്പുകള്‍ ആഴ്ചാവവസാനം രണ്ടു ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. തട്ടുകടകള്‍ തുറക്കരുത്. ചിട്ടിത്തവണ പിരിക്കാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നവര്‍ ലോക് ഡൗണ തീരും വരെ അത് ഒഴിവാക്കണം. പള്‍സി ഓക്‌സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുത്. അതിനാലാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി നിര്‍മാണസ്ഥലത്തു തന്നെ താമസിപ്പിച്ച് ഭക്ഷണം അടക്കമുള്ള സൗകര്യം നല്‍കണം.
വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഒരുക്കും. വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ മുതല്‍ ട്രാന്‍സ്‌ജെന്‍ന്‍ഡറുകള്‍ വരെയുള്ളവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സുരക്ഷ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും.
ലോക്ഡൗണ്‍ കാലത്ത് ചരക്ക് ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പോലീസിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി.
വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us