ന്യൂനപക്ഷ സ്കോളർഷിപ്പ്; നിലവിൽ ലഭിക്കുന്നവർക്ക് ഒരു കുറവും വരില്ലെന്ന് മുഖ്യമന്ത്രി

“സർക്കാർ വാക്ക് പാലിച്ചില്ല എങ്കിലല്ലേ അത് പറയേണ്ടത്. അത് സംഭവിച്ചിട്ടില്ലല്ലോ. അങ്ങനെ മാറ്റിപ്പറയുന്നവരല്ല ഞങ്ങൾ,” മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan Press Meet Gold Smuggling Case

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതത്തിന് പകരം ജനസംഖ്യാടിസ്ഥാനത്തിൽ ക്രമീകരിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. തീരുമാനത്തിൽ മാറ്റം വരുത്താൻ ഒന്നുമില്ലെന്നും നിലവിൽ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് അതിൽ ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കോളർഷിപ്പ് പുനക്രമീകരണം സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു. അതടക്കമുള്ള വിമർശനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

“അതിൽ എന്താണ് മാറ്റം വരുത്താനുള്ളത്. അത് സാധാരണ നിലക്ക് ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചു. ആ വിധിയിൽ പറഞ്ഞത് ഇത് വിവേചന പരമായിട്ട് ചെയ്യാനാവില്ല. നിലനിൽക്കുന്ന പ്രശ്നം ഇപ്പോൾ കിട്ടുന്ന കൂട്ടർക്ക് ഏതെങ്കിലും തരത്തിലുള്ള കുറവ് വന്നാൽ അത് ഒരു ദോഷമായിട്ട് വരും എന്നതാണ്. അപ്പോൾ നിലവിലെ ഒരു വിഭാഗത്തിനും നഷ്ടം വരാത്ത തരത്തിലും മൊത്തമായി ജനസംഖ്യാനുപാതത്തിലാവുകയും ചെയ്യുന്ന തരത്തിലാണ് സ്കോളർഷിപ്പ് പുനക്രമീകരിച്ചത്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനക്രമീകരിക്കാൻ മന്ത്രിസഭാ തീരുമാനം

“ഇപ്പോൾ ഉള്ളതിന് കുറവില്ല. പരാതി ഉള്ളവർക്ക് ജനസംഖ്യാനുപാതത്തിലാവുന്നതോടെ പരാതി തീരും. എല്ലാവർക്കും സന്തോഷിക്കാവുന്ന കാര്യമേ ഉള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം ആ കാര്യം സ്വാഗതം ചെയ്യാൻ തോന്നിയത്. ഇത് ഉചിതമായ തീരുമാനമാണെന്ന് പറഞ്ഞത് അതിന്റെ ഭാഗമായാണ്. അതാണ് വസ്തുത,” മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80 ശതമാനം കിട്ടിക്കൊണ്ടിരുന്ന മുസ്ലിം വിഭാഗത്തിന് ശതമാനക്കണക്കിൽ കുറവ് വരുമല്ലോ എന്ന ചോദ്യത്തിന് ഒരു കുറവും വരില്ല എന്ന് മുഖ്യമന്ത്രി മറുപടി നൽകി. “ഇപ്പോൾ എത്രയാണോ കിട്ടുന്നത്, അത്രതന്നെ കിട്ടും. ഇതിനായി അപേക്ഷകൾ വരുമ്പോൾ ആ അപേക്ഷകൾക്കെല്ലാം സ്കോളർഷിപ്പ് നൽകാൻ പറ്റുന്നുണ്ട്. അത് തുടർന്നും സാധിക്കും. അക്കാര്യത്തിൽ ആശങ്കയൊന്നും വേണ്ട,” മുഖ്യമന്ത്രി പറഞ്ഞു.

സച്ചാർ കമ്മിറ്റി, പാലൊളി കമ്മിറ്റി റിപ്പോർട്ടുകൾ അപ്രസക്തമായി എന്നും നൂറ് ശതമാനവും മുസ്ലിംകൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പാണ് ഇത് എന്നും പറയുന്നത് കാര്യങ്ങളെ തെറ്റായി അവതരിപ്പിക്കലാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Read More: ‘എല്ലാ കാര്യങ്ങളിലും മന്ത്രി ഇടപെടേണ്ടതില്ല’; പ്രതിപക്ഷ നേതാവിന് റവന്യൂ മന്ത്രിയുടെ മറുപടി

“മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്ന് പറയുന്നതിൽ നമുക്ക് ആർക്കും തടസ്സമില്ല. അത് നേരത്തേ കണ്ടതാണ്. അത് നൽകി വരുന്നതാണ്. അതിൽ എന്തെങ്കിലും കുറവ് വരുമോ എന്നുള്ളതാണ് സാധാരണ ഗതിയിലുണ്ടാവേണ്ട ആശങ്ക. ഒരു കുറവും ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.”

“എന്നാൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ന്യൂനപക്ഷങ്ങളെന്ന നിലക്ക് എല്ലാരെയും തുല്യമായി കാണണം എന്നാണ്. ആ നിലക്ക് സ്കോളർഷിപ്പ് നൽകണം എന്നാണ്. അത് മാനിച്ച് നടപടികളെടുക്കുകയാണ്. ഒരു കൂട്ടർക്ക് കിട്ടുന്നത് കുറയ്ക്കാതെ മറ്റൊരു കൂട്ടർക്ക് അർഹമായത് നൽകുന്നതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്,” മുഖ്യമന്ത്രി ചോദിച്ചു.

Read More: വൈദികൻ യുവതിയെ പീഡിപ്പിച്ച കേസ്: ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

“അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്നെ ആദ്യ ഘട്ടത്തിൽ പുതിയ മാറ്റത്തെ അംഗീകരിച്ചത്. എന്നാൽ പിന്നീട് ലീഗിന്റെ സമ്മർദ്ദംകൊണ്ട് അദ്ദേഹത്തിന് തീരുമാനം മാറ്റേണ്ടി വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതൊരു ശരിയായ രീതിയല്ല. യഥാർത്ഥത്തിലുള്ള പ്രശ്നം വച്ചാണല്ലോ പറയേണ്ടത്. ഏതെങ്കിലും രീതിയിലുള്ള കുറവ് വരുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ മനസ്സിലാവും.”

“ഒരു കുറവും വരുത്തില്ല എന്ന് സർക്കാർ ഉറപ്പിച്ച് പറയുന്നു. സർക്കാർ വാക്ക് പാലിച്ചില്ല എങ്കിലല്ലേ അത് പറയേണ്ടത്. അത് സംഭവിച്ചിട്ടില്ലല്ലോ. അങ്ങനെ മാറ്റിപ്പറയുന്നവരല്ല ഞങ്ങൾ. പറയുന്നത് ചെയ്യുന്നവരാണല്ലോ ഞങ്ങൾ. അപ്പോൾ ആ ഞങ്ങൾ പറയുന്നു നിലവിലുള്ളവർക്ക് കുറവൊന്നും വരില്ല. മറ്റൊരു കൂട്ടരുടെ പരാതി പരിഹരിക്കുയല്ലേ ഉണ്ടായത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan on kerala minority scholarship ratio

Next Story
ഡി വിഭാഗം പ്രദേശങ്ങളിൽ തിങ്കളാഴ്ച കട തുറക്കാം; ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേർHartaal, Lockdown, Shutdown, Traders Strike
The moderation of comments is automated and not cleared manually by malayalam.indianexpress.com