തിരുവനന്തപുരം. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് കോവിഡ് കാലത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും, ടിപിആര്‍ നിരക്ക്, ദിനം പ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്ക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലര്‍. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനു വീഴ്ചപറ്റിയിരിക്കുന്നുവെന്നും ഇപ്പോള്‍ തുടരുന്ന നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളല്ല നാം അവലംബിക്കേണ്ട മാതൃക എന്നുമുള്ള ചര്‍ച്ചകളുമുണ്ട്. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതൊക്കെയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്സിനേഷന് ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും, അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
മൂന്ന് സെറോ പ്രിവലെന്‍സ് സര്‍വ്വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്സിനേഷന്റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന് പോലും നഷ്ടപ്പെടുത്തിയില്ല എന്നു മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള് ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്കിയ ഏക സംസ്ഥാനമായി കേരളം മാറി.
നമ്മുടെ സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തിന്റെ മരണനിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്. എന്നാല്‍, ഇവിടെ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല.
കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്സിജന്‍ നല്കാന് നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചുവെന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നു.
ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൈക്കൊണ്ട നിലപാടുകള്‍ എന്തായിരുന്നുവെന്നും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ദുരിതവേളകളില്‍ ഭക്ഷ്യകിറ്റു കൊടുത്തപ്പോള്‍ അതു തടയാനായി കോടതിയില്‍ പോയത്. എസ്എസ്എല്‍സി പരീക്ഷ നടത്തിയപ്പോള്‍ സര്‍ക്കാരിന് ഭ്രാന്താണെന്നു വിളിച്ചുകൂവിയതും ഇക്കൂട്ടരാണ്. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭൂതക്കണ്ണാടിയിലൂടെയല്ലാതെ കാര്യങ്ങളെ കാണാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നെങ്കില്‍ എന്നു ജനങ്ങള്‍ ആശിച്ച സന്ദര്‍ഭങ്ങളാണ് അതൊക്കെ.
തദ്ദേശീയമായി വാക്സിന് ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്. വേണ്ടത്ര വാക്സിന് ഉത്പാദനം ഇല്ലാത്തതാണ് വാക്സിന് ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു കാരണം. ഇനിയൊരു ഘട്ടത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികളെ അതിജീവിക്കണമെങ്കില്‍ വാക്സിന് ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നത്.
കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തം പ്രത്യേകിച്ച് ആരോഗ്യ, ക്ഷേമ, വികസന കാര്യങ്ങളില്‍ – ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവച്ചിട്ടുള്ളത്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; ആശങ്ക പരത്തരുതെന്ന് ആരോഗ്യ മന്ത്രി