തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി നാടിന്റെ ഭാവിക്കും നല്ല നാളെക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ അത് പിന്നീട് മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
“സംസ്ഥാനത്ത് ഒരു വികസന പദ്ധതി കൊണ്ടു വന്നാല്‍ അതിനെതിരെ ശക്തമായ എതിര്‍പ്പ് ചിലര്‍ പ്രകടിപ്പിക്കും. എതിര്‍ക്കുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ പിന്നീട് ലഭിക്കും. അവര്‍ പദ്ധതിക്ക് ഒപ്പം നില്‍ക്കുകയും ചെയ്യും. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും,” മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കെ റെയില്‍ പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കുന്നത് ഇന്നലെ കേരള ഹൈക്കോടതി തടഞ്ഞിരുന്നു. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെയാണ് ഹൈക്കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ പദ്ധതിക്കായുള്ള സര്‍വെ തുടരാമെന്നും കോടതി പറഞ്ഞു. കെ-റെയില്‍ പദ്ധതിക്കായുള്ള കല്ലിടലിനും സര്‍വേയ്ക്കുമെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വെ പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു.
Also Read: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 350 കടന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍