ന്യൂഡല്‍ഹി. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യപരമായ ചര്‍ച്ച നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. “പ്രധാനമന്ത്രിയുമായി സംസാരിച്ചു. പറഞ്ഞ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെയാണ് അദ്ദേഹം കേട്ടത്. ചര്‍ച്ച ആരോഗ്യപരമായിരുന്നു. പദ്ധതിയോട് അനുകൂലമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന സന്തോഷകരമായ കാര്യം അറിയക്കട്ടെ. പദ്ധതിക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്”, അദ്ദേഹം പറഞ്ഞു.
“തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ യാത്ര ചെയ്യാന്‍ 13 മണിക്കൂര്‍ ആവശ്യമാകും. സില്‍വര്‍ ലൈന്‍ പദ്ധതി സാധ്യമാകുന്നതോടെ ഇത് നാല് മണിക്കൂറായി ചുരുങ്ങും. പ്രധാനപ്പെട്ട കാര്യം ഇത് സുരക്ഷിതയാത്രയാണ് എന്നതാണ്. അതുകൊണ്ട് തന്നെ പദ്ധതിക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“ഇന്നത്തെ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് സര്‍ക്കാര്‍ കാണുന്നത്. 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സംസ്ഥാനമായി മാറ്റുകയെന്നാതാണ് ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിക്കൂടിയാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന റോഡ് ഗതാഗതത്തില്‍ നിന്ന് റെയില്‍ ഗതാഗതത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. അതിന് ഉതകുന്ന പദ്ധതിയായി സില്‍വര്‍ ലൈന്‍ തിരഞ്ഞെടുത്തത് റെയില്‍വെ മന്ത്രാലയവുമായും വിദഗ്ധരുമായും ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.
“തിരുവനന്തപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ മൂന്നാമത്തേയും നാലാമത്തേയും റെയില്‍വെ ലൈനുകള്‍ പണിതുകൊണ്ട് മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലുള്ള യാത്ര ഒരുക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ആകെ ചിലവ് 63,941 കോടി രൂപയാണ്. ജെയ്ക്ക, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എവയില്‍ നിന്നെല്ലാം കൂടി ബാഹ്യ സഹായമായ 33,700 കോടി രൂപ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ് മുന്നോട്ട് നീക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
”ഡിപിആറില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. എല്ലാ പാരിസ്ഥിതിക ആശങ്കകളും കണക്കിലെടുക്കും. വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വര്‍ഷത്തിനകം ഉണ്ടാകും. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ പദ്ധതി കടന്നു പോകില്ല. ഇപ്പോഴത്തെ സര്‍വെ ഭൂമി ഏറ്റെടുക്കുന്നതിനുള്ളതല്ല. സര്‍വെകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകില്ല. ഏറ്റെടുക്കേണ്ട ഭൂമിയും കെട്ടിടങ്ങളും കണക്കാക്കും. പിന്നീടായിരിക്കും മറ്റ് നടപടികള്‍,” മുഖ്യമന്ത്രി വിശദീകരിച്ചു.
നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതി അട്ടിമറിക്കാന്‍ ഒരു മറയുമില്ലാതെ പ്രതിപക്ഷം രംഗത്തിറങ്ങുകയാണ്. വ്യാജ പ്രചാരണമാണ് നടത്തുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ചു രംഗത്തിറക്കുകയാണ്. ചിലരെ ശട്ടം കെട്ടി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിനായി ഒരു വിചിത്ര സഖ്യം തന്നെ രൂപം കൊണ്ടിരിക്കുന്നു.
ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതിന് നേരായകാര്യങ്ങള്‍ നാടിനെ അറിയിക്കാന്‍ ബാധ്യതപ്പെട്ട ഏതാനും മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നു, സമരത്തിന് അതിവൈകാരികതയും അസാധാരണവും അമിതവുമായ പ്രാധാന്യവും നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഇത്തരം മാധ്യമങ്ങള്‍ പങ്കു വഹിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പുതുമയല്ല. ഇത്തരം ആക്രമണങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് അവഗണിച്ച് ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു ശരിയായനില സ്വീകരിച്ചിട്ടുണ്ട്. എന്നാലും അഭ്യര്‍ത്ഥിക്കുകയാണ്, അര്‍ദ്ധ സത്യങ്ങളും അതിശയോക്തി നിറഞ്ഞതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണംകേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്ന നിലപാട് നല്ലതിനോ എന്ന് സ്വയം പരിശോധിക്കാന്‍ അത്തരം മാധ്യമങ്ങള്‍ തയ്യാറാവണം.
സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അത് ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഈ തലമുറയ്ക്ക് മാത്രമുള്ളതല്ല വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും ഇതാവശ്യമാണ്. അതിനുള്ള സാഹചര്യം ഒരുക്കണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണത്. രാഷ്ട്രീയമായ പേടിയോ സ്വാര്‍ത്ഥ-സങ്കുചിത വിചാരങ്ങളോ കൊണ്ട് നാടിന്റെ പുരോഗതിക്ക് തടയിടരുതെന്നു മാത്രമാണ് ഇത്തരം ശക്തികളോട് ഓര്‍മ്മിപ്പിക്കാനുള്ളത്.
വികസനം നടപ്പിലാക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് പ്രധാനകടമയായാണ് സര്‍ക്കാര്‍ കാണുന്നത്. അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. വികസനവും പുനരധിവാസം ഉറപ്പുവരുത്തിക്കൊണ്ട് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുകയെന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടുകൂടി ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി മുന്നോട്ടുപോകുന്ന വികസന വിരുദ്ധ-വിദ്രോഹ സഖ്യത്തെ തുറന്നു കാട്ടിത്തന്നെ മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിക്കുക.
Also Read: സിൽവർ ലൈൻ: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി