scorecardresearch
Latest News

‘നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി നടപ്പാക്കില്ല’; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രധാന കാര്യങ്ങള്‍

സംസ്ഥാനത്തിന്‍റെ വായ്പാപരിധിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

Pinarayi Vijayan , PRD

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള ജി എസ് ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി എസ് ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആ‍ഡംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും ജി എസ് ടി കൗൺസിലിലും സർക്കാർ പറഞ്ഞത് ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗജന്യ ഭക്ഷ്യക്കിറ്റ്

ഈ വര്‍ഷവും സംസ്ഥാനത്ത് ഓണത്തിന് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയില്‍ സര്‍ക്കാരിന് 425 കോടി രൂപയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയില്‍ 5500 കോടി രൂപയുടെ ചെലവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

സില്‍വര്‍ ലൈന്‍

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി ലഭിക്കുമ്പോഴേക്കാം സര്‍വ്വെ പൂർത്തിയാക്കാമെന്നാണ് കരുതിയിരുന്നത്. നിർഭാഗ്യകരമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ പദ്ധതി സാധ്യമാവുകയുള്ളു. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ അത് നേരത്തെ നടപ്പാക്കിയേനെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രത്തിന് വിമര്‍ശനം

സംസ്ഥാനത്തിന്‍റെ വായ്പാപരിധിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമല്ല. സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ട ഘട്ടമാണിത്.

പ്രത്യേകിച്ച്, മൂലധന ചെലവുകളുടെ കാര്യത്തില്‍. കേരളം ധന ദൃഡീകരണത്തിന്‍റെ പാതയില്‍ വരുന്ന അവസരത്തിലാണ് 2020ല്‍ കോവിഡ് സാഹചര്യം ഉയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധന, റവന്യൂ കമ്മി ഉയരുന്ന അവസ്ഥയുമുണ്ടായി. കേരളത്തിന്‍റെ ധനക്കമ്മി 2020-21 ല്‍ ആഭ്യന്തരവരുമാനത്തിന്‍റെ 9 ശതമാനം കടന്നു. കേരളത്തിന്‍റെ ധനക്കമ്മി 4.25 ശതമാനത്തിലുമെത്തി. 2019-20 ല്‍ കേരളത്തിന്‍റെ ധനക്കമ്മി 3 ശതമാനത്തില്‍ താഴെയായിരുന്നു.

മൂലധന ചെലവുകള്‍ക്കായി റവന്യൂ വരുമാനത്തിന്‍റെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ കീഫ്ബി യുടെ വരുമാനത്തില്‍ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293 ന് വിരുദ്ധമാന്നെന്ന് നിയമവിദഗ്ദര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കിഫ്ബി എടുക്കുന്ന വായ്പാ തുക സംസ്ഥാന സര്‍ക്കാരിന്‍റെ കടമായി കണക്കാക്കുന്ന കേന്ദ്ര സമീപനം തെറ്റാണ്. ഇത് സര്‍ക്കാര്‍ ഗ്യാരന്‍റിയുള്ള വായ്പയാണ്. സര്‍ക്കാര്‍ എടുക്കുന്ന കടമല്ല. ഈ കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്‍റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനം

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരാണ് മറ്റു സംസ്ഥാനങ്ങളില്‍ നഷ്ടപരിഹാരത്തുക നല്‍കുന്നത്. കേരളത്തിലെ ഉയര്‍ന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറി. അതോടെ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുന്‍കൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയ പാതാ വികസനം സാധ്യമാക്കിയത്.

ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ബിജെപി എല്ലാ ഘട്ടത്തിലും ശ്രമിച്ചത്. പിന്നീട് 2019 ജൂണ്‍ മാസത്തില്‍ പ്രതിഷേധങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി കേരളത്തിലെ ദേശീയപാത വികസനത്തെ ഒന്നാം പരിഗണനാ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്.

ചെലവിന്‍റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്. ആദ്യ ഘട്ടത്തില്‍, ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെയും നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും നിലപാട്. പിന്നീട് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 25 ശതമാനം എന്ന നിലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയത്. രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഭൂമി ഏറ്റെടുക്കലിന്‍റെ 25 ശതമാനം സംസ്ഥാനം നല്‍കേണ്ടി വന്നത് ദേശീയപാതാ വികസനം വൈകിപ്പിച്ച യുഡിഎഫും തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബിജെപിയും ചേര്‍ന്ന് നമ്മുടെ തലയില്‍ കെട്ടിവെച്ച അധിക ബാധ്യതയാണ്.

കെ ഫോണ്‍

കേരളത്തില്‍ ഒട്ടാകെ മികച്ച ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോണ്‍. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെഫോണ്‍) ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസന്‍സും ഇന്‍റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

സര്‍ക്കാര്‍ സേവങ്ങള്‍ മിക്കവയും ഓണ്‍ലൈന്‍ സംവിധാനം വഴി ഇപ്പോൾ ലഭ്യമാണ്. ശക്തമായ കണക്റ്റിവിറ്റി സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ ഇന്‍റര്‍നെറ്റ് സേവനം സുഗമമാകുകയുള്ളൂ . ഇവിടെയാണ് കെഫോണിന്‍റെ പ്രസക്തി വർധിക്കുന്നത്. ഇതുവഴി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും.

കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്‍ഉം കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍.എസ്.കേബിള്‍, എസ്.ആര്‍.ഐ.റ്റി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആകെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കും. ഇതില്‍ 4092 എണ്ണം പ്രവര്‍ത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. ഓരോ മാസവും 3000 മുതല്‍ 5000 ഓഫീസുവരെ സജ്ജമാകുന്ന രീതിയില്‍ ജോലികള്‍ മുന്നേറുകയാണ്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 24275 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ബാക്കിയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സെപ്റ്റംബറോടെ കെഫോണ്‍ കണക്ഷന്‍ നല്‍കും.

140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകാന്‍ ഇതുപകരിക്കും.

അതിദാരിദ്ര്യം ഒഴിവാക്കാന്‍ പദ്ധതി

സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് ഒരു യോഗം ഇന്ന് ചേർന്നിരുന്നു. അതിദരിദ്രരായ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും. ദീർഘകാലം ഹ്രസ്വകാലം, ഉടൻ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ രേഖയുടെ ഭാഗമായി ഉണ്ടാവുക.

അതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും ആവശ്യമായ സഹായങ്ങൾ തീരുമാനിക്കും. ഈ വർഷം എത്രപേർക്ക് സഹായം നൽകാൻ പറ്റും എന്ന റിപ്പോർട്ട് തയ്യാറാക്കും. ഇതിന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ വിശദാംശങ്ങൾ മനസ്സിലാക്കി സമിതി റിപ്പോർട്ടിന് അന്തിമരൂപം നൽകും. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, ഒരിക്കൽ മോചിപ്പിക്കപ്പെട്ടാൽ അതിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നിവയാണ് ലക്ഷ്യം. ദാരിദ്ര്യത്തിൽ നിന്ന് സ്ഥായിയായ മോചനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan on gst national highway and k fon